കൊച്ചി: സിനിമ ഷൂട്ടിംഗ് തടഞ്ഞുള്ള സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം തള്ളി യൂത്ത് കോണ്‍ഗ്രസ്. കെ.പി.സി.സി ആവശ്യപ്പെട്ട കാര്യം പരിഗണിക്കുമെന്നും അതേസമയം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സിനിമ ചിത്രീകരണം നടന്നാല്‍ ഇടപെടുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ പറഞ്ഞു.
‘സിനിമ മേഖലയെ മുഴുവന്‍ ബുദ്ധിമുട്ടിലാക്കുന്ന സമീപനം സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. കെ.പി.സി.സി ആവശ്യപ്പെട്ട കാര്യം സംസ്ഥാന സമിതി ഗൗരവതരമായി പരിഗണിക്കും. പക്ഷെ ജോജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായ സമീപനം അംഗീകരിക്കുവാനും പൊറുക്കുവാനും കഴിയില്ല,’ നുസൂര്‍ പറഞ്ഞു.
നേരത്തെ വഴി തടസപ്പെടുത്തിയുള്ള സിനിമ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സമരം പിന്‍വലിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്ന് കെ.പി.സി.സി യോഗത്തില്‍ തീരുമാനമായിരുന്നു.
സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞത്.
വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിംഗ് എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫിസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള ചിത്രീകരണം അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചത്.
‘ലൊക്കേഷനുകളില്‍ ഗുണ്ടകളെ അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നത്. ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താല്‍ മര്‍ദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ട്,’ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞത്.
ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കടുവ, കീടം എന്നീ സിനിമകളുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. റോഡ് കൈയ്യേറിയുള്ള ഷൂട്ടിംഗ്, സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.
എറണാകുളം പുത്തന്‍കുരിശ് പള്ളിക്ക് സമീപമുള്ള ഗസ്റ്റ് ഹൗസിലായിരുന്നു ശ്രീനിവാസന്‍ നായകനായ സിനിമയുടെ ചിത്രീകരണം. ഇവിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്.
കഴിഞ്ഞ ദിവസം പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമയുടെ സെറ്റിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ ജയിലിലാണ്. കള്ളക്കേസ് എന്ന് തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. സിനിമ മേഖലയെ മുഴുവന്‍ ബുദ്ധിമുട്ടിലാക്കുന്ന സമീപനം സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല.
കെപിസിസി ആവശ്യപ്പെട്ട കാര്യം സംസ്ഥാന സമിതി ഗൗരവതരമായി പരിഗണിക്കും. പക്ഷെ ജോജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായ സമീപനം അംഗീകരിക്കുവാനും പൊറുക്കുവാനും കഴിയില്ല.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സിനിമ ചിത്രീകരണം നടന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെടുക തന്നെ ചെയ്യും. എറണാകുളം ജില്ലാ കമ്മിറ്റിക്ക് പൂര്‍ണ്ണ പിന്തുണ ഈ വിഷയത്തില്‍ നല്‍കുന്നു.
സ്വന്തം പാര്‍ട്ടിയിലെ വനിതാപ്രവര്‍ത്തകര്‍ക്ക് നേതാക്കളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ കഴിയാത്ത ഡിവൈഎഫ്‌ഐ നേതൃത്വമാണ് സിനിമ മേഖലക്ക് സംരക്ഷണം കൊടുക്കാന്‍ തീരുമാനിച്ചത് എന്നത് അപഹാസ്യകരമാണ്.