തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈന്‍ ലാല്‍. സംഘടനാ തലത്തില്‍ നേരിടേണ്ടി വന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് മത്സരത്തിന് ഇറങ്ങുന്നതെന്ന് ഷൈന്‍ പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഷൈന്‍ മത്സരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്ത് മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ നേതൃത്വം നിര്‍ബന്ധിക്കുകയായിരുന്നു.
സെക്രട്ടറി ആയതിന് ശേഷവും പാര്‍ട്ടിയില്‍ പരിഗണന കിട്ടുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ശശി തരൂരിനെതിരെ മത്സരത്തിന് ഇറങ്ങാന്‍ ഷൈന്‍ തീരുമാനിച്ചത്. പരിഗണന നല്‍കാത്തതിന് പുറമേ പാര്‍ട്ടിയുടെ പ്രചരണങ്ങളിലൊന്നും പങ്കെടുപ്പിക്കുന്നില്ലെന്നും ഷൈന്‍ ആരോപിച്ചു.
മത്സരം ശശി തരൂരിനെതിരെ അല്ലെന്നും കോണ്‍ഗ്രസിനകത്ത് നടക്കുന്ന അവഗണനക്കെതിരെയും ഒറ്റപ്പെടുത്തലുകള്‍ക്കെതിരെയും പ്രതിഷേധിച്ച് കൊണ്ടാണ് മത്സരത്തിന് ഇറങ്ങുന്നതെന്ന് ഷൈന്‍ കൂട്ടിച്ചേര്‍ത്തു. രാജി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്ത് ഷൈനിന്റെ നേതൃത്വത്തില്‍ വിളിച്ച യോഗത്തില്‍ നൂറോളം പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ അംഗത്വമുള്ള ആരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
അതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക ശശി തരൂര്‍ വ്യാഴാഴ്ച സമര്‍പ്പിച്ചിരുന്നു. ജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടെന്ന് പത്രിക സമര്‍പ്പണത്തിന് ശേഷം തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് ത്രികോണ മത്സരമില്ലെന്നും മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നും ശശി തരൂര്‍ കൂട്ടിച്ചേർത്തു.
Content Highlight: Youth Congress State Secretary Shine Lal will contest against Shashi Tharoor in Thiruvananthapuram