തിരുവനന്തപുരം: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ ഫേ്‌സ്ബുക്ക് കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എന്‍. എസ്.യു.ഐ ദേശീയ സെക്രട്ടറിയുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍.
രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഇന്നത്തെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തില്‍ ജാഡകളില്ലാതെ, പ്രിവിലേജുകളുടെ ശീതികരണ മുറിയിലിരിക്കാതെ സമ്മേളനങ്ങള്‍ നടത്തിയും, ദിവസങ്ങള്‍ നീളുന്ന മഹാറാലികള്‍ക്ക് നേതൃത്വം നല്‍കിയും പാര്‍ട്ടിയുണ്ടാക്കിയ ഹാര്‍ഡ് വര്‍ക്കറായിരുന്നു സച്ചിന്‍ പൈലറ്റെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജ്യോതിരാദിത്യ പാര്‍ട്ടി വിട്ടപ്പോള്‍, അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിട്ടപ്പോഴുണ്ടായ വേദന പോലും തോന്നിയില്ല. കാരണം രണ്ട് പേരും മേലനങ്ങാതെ പാര്‍ട്ടി ആനുകൂല്യം പറ്റിയവരും, പാര്‍ട്ടിയെ അധികാരത്തിന്റെ ലാവണമായി കണ്ടവരുമായിരുന്നു എന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.
” സച്ചിന്‍ നിങ്ങളിന്ന് പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു. ഏത് പാര്‍ട്ടിയെയാണെന്ന് അറിയുമോ? ആറ് തവണ താങ്കളുടെ പിതാവ് രാജേഷ് പൈലറ്റിനെ ങജ ആക്കിയ, മൂന്ന് തവണ കേന്ദ്രമന്ത്രിയാക്കിയ കോണ്‍ഗ്രസ്സിനെ. ഏത് കോണ്‍ഗ്രസ്സിനെയാണെന്ന് അറിയുമോ? അച്ഛന്‍ മരിച്ചപ്പോള്‍, താങ്കളുടെ 26 മത്തെ വയസ്സില്‍ എം.പി ആക്കിയ, 31 മത്തെ വയസ്സില്‍ കേന്ദ്രമന്ത്രിയാക്കിയ, 37 മത്തെ വയസ്സില്‍ പി.സി.സി പ്രസിഡന്റ് ആക്കിയ 41 മത്തെ വയസ്സില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ്സിനെ,” രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയ തീരുമാനം ഏറെ വേദനയോടെ അംഗീകരിക്കുന്നെന്നും രാഹുല്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഇന്നത്തെ കോൺഗ്രസ്സ് ദേശിയ നേതൃത്വത്തിൽ, ഞാൻ ഏറെ സ്നേഹിച്ച വ്യക്തിയാണ് സച്ചിൻ പൈലറ്റ്.
നേതൃ ജാഡകളില്ലാതെ, പ്രിവ്ലേജുകളുടെ ശീതികരണ മുറിയിലിരിക്കാതെ, സമ്മേളനങ്ങൾ നടത്തിയും, ദിവസങ്ങൾ നീളുന്ന മഹാറാലികൾക്ക് നേതൃത്വം നല്‌കിയും പാർട്ടിയുണ്ടാക്കിയ ഹാർഡ് വർക്കർ. എന്തിനേറെ പറയുന്നു, വിവാഹമോചനത്തോളം എത്തിയ സച്ചിൻ്റെ ദാമ്പത്യ ജീവിതത്തിൻ്റെയും കാരണം പാർട്ടിയുണ്ടാക്കാൻ കുടുംബം മറന്നിറങ്ങിത്തിരിച്ച ആ യാത്രകൾ തന്നെയായിരുന്നു.
ജ്യോതിരാദിത്യ പാർട്ടി വിട്ടപ്പോൾ, അബ്ദുള്ളക്കുട്ടി പാർട്ടി വിട്ടപ്പോഴുണ്ടായ വേദന പോലും തോന്നിയില്ല. കാരണം രണ്ട് പേരും മേലനങ്ങാതെ പാർട്ടി ആനുകൂല്യം പറ്റിയവരും, പാർട്ടിയെ അധികാരത്തിൻ്റെ ലാവണമായി കണ്ടവരുമായിരുന്നു. ജ്യോതിരാദിത്യ പോയപ്പോൾ, പല സുഹൃത്തുക്കളും പറഞ്ഞു സച്ചിനും പോകും. അപ്പോഴൊക്കെ എത്ര പ്രിയപ്പെട്ടവരാണേലും അവരോടൊക്കെ വഴക്കടിച്ചും, ‘കാത് പൊട്ടണ’ ചീത്ത പറഞ്ഞും, കണ്ണ് നിറഞ്ഞ് വാദിച്ചും ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു “സച്ചിൻ പോകില്ല, അയാൾ അടിമുടി കോൺഗ്രസ്സാണ്”.
സച്ചിൻ, നിങ്ങൾക്ക് നഷ്ടമാകുന്നത് PCC പ്രസിഡൻ്റ് സ്ഥാനമോ, രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനമോ അല്ല, നിങ്ങൾ ഒരിക്കലും പാർട്ടിയെ ചതിക്കില്ലായെന്ന ഇങ്ങ് തെക്കേയറ്റത്ത് കേരളത്തിലിരുന്ന് വരെ വിശ്വസിച്ച എന്നെ പോലെയുള്ള ലക്ഷക്കണക്കിന് കോൺഗ്രസ്സുകാരുടെ മനസ്സാണ്.
NSUI യൂണിറ്റ് ഭാരവാഹിയായി തുടങ്ങിയ അശോക് ഗെഹ്ലോട്ടാണ് രാജസ്ഥാനിലെ കോൺഗ്രസ്സ് പാർട്ടിയെന്നും, ഭൂരിപക്ഷം വരുന്ന MLA മാരും പാർട്ടിക്കാരും, പൊതുജനവും പിന്തുണയ്ക്കുന്ന നേതാവാണ് ഗെഹ്ലോട്ടെന്നും, വിമതരായ MLA മാർ വരെ പിന്തുണയ്ക്കുന്ന അദ്ദേഹമാണ് മുഖ്യമന്ത്രിയാകുവാൻ യോഗ്യൻ എന്ന ബോധ്യമുണ്ടായിട്ടും, സച്ചിൻ ഞാനും നിങ്ങളെ പോലെ തന്നെ നിങ്ങൾ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു. 12 MLA മാരുടെ മാത്രം പിന്തുണയുള്ള “നമ്മുടെ പക്ഷത്തിന്” മുഖ്യമന്ത്രി സ്ഥാനത്തിന് ധാർമ്മികമായും ജനാധിപത്യപരമായും അവകാശമില്ലാഞ്ഞിട്ടും അന്ന് മനസ് കൊണ്ട് ഹൈക്കമാൻ്റിനോട് കലഹിച്ചു.
സച്ചിൻ നിങ്ങളിന്ന് പാർട്ടിയെ വെല്ലുവിളിക്കുന്നു. ഏത് പാർട്ടിയെയാണെന്ന് അറിയുമോ? ആറ് തവണ താങ്കളുടെ പിതാവ് രാജേഷ് പൈലറ്റിനെ MP ആക്കിയ, മൂന്ന് തവണ കേന്ദ്രമന്ത്രിയാക്കിയ കോൺഗ്രസ്സിനെ. ഏത് കോൺഗ്രസ്സിനെയാണെന്ന് അറിയുമോ? അച്ഛൻ മരിച്ചപ്പോൾ, താങ്കളുടെ 26 മത്തെ വയസ്സിൽ MP ആക്കിയ, 31 മത്തെ വയസ്സിൽ കേന്ദ്രമന്ത്രിയാക്കിയ, 37 മത്തെ വയസ്സിൽ PCC പ്രസിഡൻ്റ് ആക്കിയ 41 മത്തെ വയസ്സിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയാക്കിയ കോൺഗ്രസ്സിനെ.
താങ്കളോട് കണക്ക് പറഞ്ഞ് താങ്കളുടെ പ്രവർത്തനങ്ങളെ റദ്ദ് ചെയ്യുന്നില്ല. പക്ഷേ താങ്കളെ കോൺഗ്രസ്സ് പാർട്ടി ഏറെ കരുതുകയും പരിഗണിക്കുകയും ചെയ്തിരുന്നു. താങ്കളുടെ അച്ഛൻ രാജേഷ് പൈലറ്റിൻ്റെ സമകാലികനും താങ്കൾക്ക് മുൻപ് PCC പ്രസിഡൻ്റുമായ Dr CP ജോഷിയെ പോലെയുള്ള മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയാണ്, താങ്കൾക്ക് PCC പ്രസിഡൻ്റും ഉപമുഖ്യമന്ത്രി സ്ഥാനവും നല്കിയത്. 69 കാരനായ ഗെഹ്ലോട്ട് പോലും രാജസ്ഥാൻ്റെ അടുത്ത നേതാവായി താങ്കളെ അംഗീകരിച്ചതാണ്.
സച്ചിൻ, നിങ്ങളെ ഒരിക്കൽ പോലും കണ്ടിട്ട് ഇല്ലാത്ത, ദിവസക്കൂലിക്ക് പണിക്ക് പോകുന്ന എൻ്റെ വാർഡ് പ്രസിഡൻ്റ്, ഗോപി ചേട്ടൻ അടിച്ചു വെക്കുന്ന ഫ്ലക്സിൽ വരെ രാഹുലിനൊപ്പം നിങ്ങളുടെ ചിത്രം പതിവായിരുന്നു. ഗോപി ചേട്ടൻ ഗെഹ്ലോട്ടിനെ അറിയുക കൂടിയില്ല. ഏത് അധികാരത്തേക്കാളും വലുതാണ് ആ കലർപ്പില്ലാത്ത സ്നേഹവും അംഗീകാരവും. അതൊക്കെയാണ് നിങ്ങൾ വെല്ലുവിളിച്ചത്.
സച്ചിൻ പോകുന്നത് നഷ്ടമാണെന്നും, ശരത് പവാറും, മമതാ ബാനർജിയും, ജഗൻ മോഹൻ റെഡ്ഡിയും, അജിത് ജോഗിയും, GK വാസനും, PA സാങ്ങ്മയുമടക്കം പാർട്ടി വിട്ട നേതാക്കളുടെയൊന്നും വിടവ് പരിഹരിക്കാൻ കോൺഗ്രസ്സിനായിട്ടില്ലായെന്നുമറിയാം. പക്ഷേ വ്യക്തിപരമായ ഏത് പ്രതിസന്ധിയും ഏത്ര വലിയ നഷ്ടം സഹിച്ചും പാർട്ടിക്ക് വേണ്ടി ജീവിച്ചു മരിച്ചിട്ടും ഒന്നുമാകാതെ പോയ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുണ്ട്. അവരോട് ആകെ കാണിക്കുവാൻ പറ്റുന്ന നീതി പാർട്ടിയുടെ ആത്മാഭിമാനം പണയം വെയ്ക്കാതിരിക്കലാണ്.
നിങ്ങളെ പുറത്താക്കുന്ന തീരുമാനം ഏറെ വേദനയോടെ അംഗീകരിക്കുന്നു. കാരണം കോൺഗ്രസ്സ് ആണ് വലുത്, അതിനേക്കാൾ വലുതല്ല സച്ചിനും രാഹുലുമൊന്നും. നിങ്ങൾ പോകുമ്പോൾ കുറ്റപ്പെടുത്തുവാൻ കഴിയാത്തത്ര നിങ്ങളെ ഇഷ്ടമായിരുന്നു സച്ചിൻ… പക്ഷേ ഒരു ബോധ്യമുണ്ട് ഞാൻ ഇഷ്ടപ്പെട്ടത് കോൺഗ്രസ്സുകാരനായ സച്ചിനെയാണ്, അതല്ലാത്ത സച്ചിനെ മനസ്സിൽ നിന്ന് പറിച്ചെറിയുക തന്നെ ചെയ്യും…
സച്ചിൻ പോയാലും ഗോപി ചേട്ടനെ പോലെയുള്ളവർ മൂവർണ്ണ കൊടി നാട്ടി ഇവിടെയുണ്ടാകും… അവരാണ് കോൺഗ്രസ്സ്….
✍️✍️✍️Rahul Mamkootathil