തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ എസ്‌കോര്‍ട്ടിനും വേണ്ടി പുതിയ കാറുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ട്രോളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെയും, കെ റെയില്‍, കെ ഫോണ്‍ പോലുള്ള കെ യില്‍ തുടങ്ങുന്ന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെയും മുഖ്യമന്ത്രിക്ക് വേണ്ടി പുതുതായി വാങ്ങാനിരിക്കുന്ന കറുത്ത കിയ കാര്‍ണിവല്‍ കാറിനെയും പരാമര്‍ശിക്കുന്ന തരത്തിലാണ് രാഹുല്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
”Kറന്റ് ബില്ല് കൂടിയാലെന്താ? Kമുവിന്റെ പുതിയ Kറുത്ത Kര്‍ണിവല്‍ വാങ്ങിയല്ലോ!,” രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിരുന്നു. ഈ സമയങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകള്‍ക്ക് എത്തിയവരില്‍ നിന്നും കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചവരെ മാറ്റിനിര്‍ത്തിയ സംഘാടകരുടെയും പൊലീസിന്റെയും നടപടിയും വിവാദമായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയും അദ്ദേഹത്തിന്റെ എസ്‌കോര്‍ട്ടിനായും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനമായത്. മുഖ്യമന്ത്രിക്ക് വേണ്ടി കിയയും എസ്‌കോര്‍ട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്.
ഇതിനായി 88,69,841 രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്.
ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപയാണ് വില. നിലവില്‍ മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകള്‍ ഇതോടെ വടക്കന്‍ ജില്ലയില്‍ ഉപയോഗിക്കും.
അതേസമയം, സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രിക്ക് വേണ്ടി പുതിയ കാറുകള്‍ വാങ്ങുന്നത് ധൂര്‍ത്താണ് എന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു.
‘കേരളത്തിലെ മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെയൊന്നും ഞാന്‍ വിമര്‍ശിക്കുന്നില്ല. പക്ഷെ എന്തുകൊണ്ടാണ് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നത്. ഒന്ന്, വരുമാനമില്ല, നികുതി പിരിവില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ നികുതി പിരിച്ചെടുക്കാന്‍ കഴിയുന്നില്ല. രണ്ട്, ധൂര്‍ത്താണ്, ആവശ്യമില്ലാത്ത കാര്യത്തിനെല്ലാം പണം ചിലവാക്കുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്റെ മുന്‍ഗണന എന്താണ്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയിലെ ഏറ്റവും അപകടകരമായ സാമ്പത്തിക പ്രശ്നങ്ങളുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇത് കേരളം ഉണ്ടാക്കിവെച്ചതാണ്. ജി.എസ്.ടിയുടെ നഷ്ടപരിഹാരം ഇപ്പോള്‍ തീരും. കമ്മി ബജറ്റിന് കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന നഷ്ടപരിഹാരത്തുകയും ഉടനെ തീരും. ഇത് രണ്ടും ഇല്ലാതായാല്‍ ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെയാകും. അതിനിടയിലാണ് ഒരുപാട് ധൂര്‍ത്തുകള്‍ വരുന്നത്.
സര്‍ക്കാരിന്റെ കടബാധ്യത സംബന്ധിച്ച ഒരുപാട് സംശയങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. ഈ കടബാധ്യത സംബന്ധിച്ചും കിട്ടാനുള്ള പണം സംബന്ധിച്ചും ഒരു ധവളപത്രം സര്‍ക്കാര്‍ അടിയന്തരമായി പുറപ്പെടുവിക്കണം. ഈ സാമ്പത്തിക സ്ഥിതിയുടെ കുഴപ്പങ്ങളും ബാധ്യതകളും സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. അടുത്തമാസം ശമ്പളം കൊടുക്കാന്‍ പണമുണ്ടാവില്ലെന്ന് ഇടയ്ക്ക് ധനകാര്യ മന്ത്രി അറിയാതെ പറയുന്നുണ്ട്.
മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. അടുത്തമാസം ശമ്പളം കൊടുക്കാന്‍ പണമില്ല, എന്ന് ധനകാര്യ മന്ത്രി പറയുമ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ എല്ലാ കാര്യത്തിലും ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്. ധനകാര്യ വകുപ്പിന് ഇതില്‍ ഒരു നിയന്ത്രണവുമില്ല, റോളില്ല, നിഷ്‌ക്രിയമായി നില്‍ക്കുകയാണ്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്,” എന്നായിരുന്നു വി.ഡി. സതീശന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്.
Content Highlight: Youth Congress State General Secretary Rahul Mamkootathil fb post mocks the decision to buy new car for CM Pinarayi Vijayan