| Saturday, 16th November 2024, 5:11 pm

'ചുരുങ്ങിയത് ഗാന്ധി നിന്ദയിലെങ്കിലും മാപ്പ് പറയണം, എന്നിട്ടാവാം ആഘോഷം'; സന്ദീപ് വാര്യരുടെ പാര്‍ട്ടിപ്രവേശനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ജുക്കുട്ടന്‍ ജി.

മമ്മൂട്ടി വരുന്നതുപോലെ ആഘോഷിക്കുമ്പോള്‍ മുമ്പ് പറഞ്ഞതിലെല്ലാം സന്ദീപ് വാര്യരോട് മാപ്പ് പറയാന്‍ നിര്‍ദേശിക്കണമെന്ന് മഞ്ജുക്കുട്ടന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കുതിരവട്ടത്ത് ചികിത്സിക്കണം എന്ന് പറഞ്ഞ ആളാണ് സന്ദീപ് വാര്യരെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മമ്മുട്ടി വരുന്നത് പോലെ ആഘോഷിക്കുമ്പോള്‍ മുമ്പ് പറഞ്ഞതിനൊക്കെ ആദ്യം മാപ്പ് പറയാന്‍ പറയണം എന്നിട്ട് ആഘോഷിക്കണമെന്നാണ് മഞ്ജുക്കുട്ടന്‍ പറഞ്ഞത്.

മിനിമം ഗാന്ധി നിന്ദയിലെങ്കിലും സന്ദീപ് വാര്യര്‍ മാപ്പ് പറയണമെന്നാണ് മഞ്ജുക്കുട്ടന്‍ പറയുന്നത്. ഗാന്ധിയുടെ ശവകുടീരത്തില്‍ പോയി തലകമഴ്ത്തി കരഞ്ഞുകൊണ്ട് എന്നോട് ക്ഷമിക്കണമെന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.

‘മഹാത്മാഗാന്ധിയുടെ ആത്മവിനോട് പറഞ്ഞുനോക്കു… ചിലപ്പോള്‍ കേള്‍ക്കും, തെരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി എല്ലാ വിഷയങ്ങളിലും ക്ഷമിക്കുന്ന ആളല്ല അദ്ദേഹം. അതുകൊണ്ട് ക്ഷമ കിട്ടാന്‍ വലിയ പാടായിരിക്കും. അപ്പോള്‍ ഉറക്കെ വിളിക്കണം മഹാത്മാഗാന്ധി സിന്ദാബാദ് എന്ന്,’ എന്നാണ് മഞ്ജുക്കുട്ടന്‍ കുറിച്ചത്.

ഇത്തരത്തില്‍ നാലഞ്ച് വര്‍ഷം വിളിക്കണം അപ്പോള്‍ ഒരു മാറ്റം വരുമെന്നുമാണ് മഞ്ജുക്കുട്ടന്‍ പറഞ്ഞത്.

ഭാരത് ജോഡോ യാത്ര നടക്കവേ, ജോഡോ യാത്ര നടത്തേണ്ടത് കാശ്മീരിലേക്കല്ല, ആന്റമാന്‍ നിക്കോബാറിലേക്കാണ്, അവിടെ സവര്‍ക്കറെ തടവില്‍ പാര്‍പ്പിച്ച മുറിയില്‍ പോയി നമസ്‌ക്കരിച്ച് ക്ഷമാപണം ചെയ്യണമെന്നാണ് രാഹുല്‍ ഗാന്ധിയോട് സന്ദീപ് വാര്യര്‍ മുമ്പ് പറഞ്ഞത്.

കൂടാതെ രാഹുല്‍ ഗാന്ധിയെ ചികിത്സയ്ക്ക് വേണ്ടി കോട്ടക്കലില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ കോട്ടക്കലല്ല, കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

ഗാന്ധിയെ ചെറുതായി ഒന്ന് വെടിവെച്ച് കൊന്നു എന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ സന്ദീപ് വാര്യര്‍ സംസാരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

Content Highlight: Youth Congress State General Secretary criticizes Sandeep varier’s Congress entry

We use cookies to give you the best possible experience. Learn more