തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും കെ റെയിലിലെ നിലപാടും ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തരൂരിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
ഭൂരിഭാഗം നേതാക്കളും തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. യു.എന്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്ന തരൂര്‍ പിണറായിയുടെ സെക്രട്ടറി പണി എടുക്കരുതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന്‍ വര്‍ക്കി കുറ്റപ്പെടുത്തി.
പിണറായിയെ പുകഴ്ത്തിയ തരൂര്‍ യു.ഡി.എഫിനെ അപമാനിച്ചുവെന്നാണ് വിമര്‍ശനം. എന്നാല്‍, ശശി തരൂരിന്റെ വികസന കാഴ്ചപ്പാട് അംഗീകരിച്ചേ പറ്റൂ എന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ്. നുസൂര്‍ അഭിപ്രായപ്പെട്ടു.
സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിയെ തള്ളി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയെയും തരൂര്‍ അഭിനന്ദിച്ചതും പാര്‍ട്ടിക്ക് ക്ഷീണമായി എന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്.
തരൂരിനെ നേരിട്ട് കണ്ട് വിശദീകരണം തേടാനാണ് കെ.സി.പി.സിയുടെ നീക്കം. പാര്‍ട്ടിക്കകത്തുള്ളവരാണെങ്കില്‍ പാര്‍ട്ടിക്ക് അനുസരിച്ച് പെരുമാറേണ്ടി വരുമെന്നും ശശി തരൂരിനോട് അതുമാത്രമാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നുമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരുണ്ടായിരിക്കും. അത് സ്വാഭാവികമാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യം പൂര്‍ണമാവില്ല.
എന്നാലും ഓരോ പ്രവര്‍ത്തകരും പാര്‍ട്ടിക്ക് വിധേയരാകേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരം വിമനത്താവള വിഷയത്തിലെ തരൂരിന്റെ നിലപാട് വിവാദമായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Youth Congress state committee meeting criticizes Shashi Tharoor MP for supporting K Rail project