ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. സിനിമയെ പറ്റി നല്ല അഭിപ്രായങ്ങളുയരുമ്പോഴും സംഘപരിവാര്‍ നരേറ്റീവുകള്‍ക്കെതിരെ വിമര്‍ശനങ്ങളും വരുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ സിനിമക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍. സിനിമയില്‍ തന്ത്രപരമായല്ല പച്ചയായി തന്നെ വര്‍ഗീയത പറയുന്നു എന്ന് ശോഭ സുബിന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയേയും ഉണ്ണി മുകുന്ദനേയും അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ രംഗത്ത് വന്നിരുന്നു.
സിനിമ ആരംഭിക്കുന്നതിന് മുന്‍പ് നന്ദി പറയുന്ന മീഡിയ മാതൃഭൂമിയും ജനം ടി.വിയുമാണെന്നും സേവാഭാരതിയോടും പി സി ജോര്‍ജിനോടും മകനോടും നന്ദി പറയുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
‘നായകന്‍ തികഞ്ഞ ഹിന്ദു മത വിശ്വാസി നിഷ്‌കളങ്കന്‍ അമ്മയെയും കുടുംബത്തേയും നോക്കുന്ന ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ വിശ്വാസി. ഒന്ന്.. എല്ലാം തികഞ്ഞ.. നിഷ്‌കുവായ.. കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടും അയ്യപ്പ മാലയും ഇട്ട ചെരുപ്പിടാത്ത അയ്യപ്പഭക്തനായ ഹിന്ദു മത വിശ്വാസി.. ജയകൃഷ്ണന്‍.
രണ്ട്… കൗശലക്കാരനായ ഒരിറ്റ് ദയ പോലും ഇല്ലാത്ത, ധനാഡ്യനായ, മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്ന വെള്ളമുണ്ട് ഉടുത്ത, വെള്ള കുപ്പായമിട്ട മുണ്ട് ഇടത്തോട്ട് ഉടുത്തിരിക്കുന്ന, ഉപ്പുറ്റിയുടെ മുകളില്‍ ആണ് മുണ്ട് നില്‍ക്കുന്നത്. മുസ്‌ലിം തൊപ്പി ധരിച്ച അഷറഫ് ഹാജി കൂടെ എപ്പോഴും ക്രൂരമുഖത്തോട് കൂടിയ രണ്ട് പേര്‍. അവരുടെ വേഷവും സമാനം,’ ശോഭ സുബിന്‍ കുറിക്കുന്നു.
വിഷ്ണു മോഹന്‍ ഭംഗിയായി വര്‍ഗീയത പറയുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്നും താടിക്കാരനായ മോദിജിക്ക് കൂടി ഒരു നന്ദി ആകാമായിരുന്നെന്നും ശോഭ സുബിന്‍ കുറിച്ചു.
‘എത്ര വെളുപ്പിക്കാന്‍ ശ്രമിച്ചാലും വെളുപ്പിക്കാന്‍ കഴിയാത്തതിന്റെ പേരാണ് ആര്‍.എസ.എസും, ഭൂരിപക്ഷ വര്‍ഗീയതയും, കേരളത്തിന്റെ മണ്ണില്‍ അതിന് സ്ഥാനമില്ലെന്ന് തെളിയിച്ചതുമാണ്. ഉണ്ണി മുകുന്ദന്‍ പണ്ടേ ഒരു നമോ ഭക്തനാണ് എന്ന് മറയില്ലാതെ തെളിയിച്ചതാണ്. നല്ല സിനിമകള്‍ക്ക് കാശ് ചിലവാക്കൂ. ഉണ്ണി മുകുന്ദന്‍. ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാം,’ ശോഭ സുബിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.
ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
രാഹുല്‍ സുബ്രമണ്യന്‍ ആണ് സംഗീത സംവിധാനം. നീല്‍ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ കുമാര്‍ എന്നിവരാണ്.
ശോഭ സുബിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
വളരെ തന്ത്രപരമായൊന്നും അല്ല മേപ്പടിയാനില്‍ വര്‍ഗ്ഗീയത പറയുന്നത് പച്ചയായി തന്നെയാണ്.
ഫിലിം ആരംഭിക്കുന്നതിന് മുന്‍പ് നന്ദി പറയുന്ന മീഡിയ മാതൃഭൂമിയടും ജനം ടി.വിയുമാണ്. സേവാഭാരതിയോടും ഉണ്ട് നന്ദി. പി.സി ജോര്‍ജിനും മകനും നന്ദി ഗംഭീരമായി പറഞ്ഞിരിക്കുന്നത് നമുക്ക് മറക്കാതിരിക്കാം. ചിലപ്പോള്‍ ജനം ടി.വി യോട് നന്ദി പറഞ്ഞ മലയാളത്തിലെ ആദ്യത്തെ ഫിലിം ആയിരിക്കും മേപ്പടിയാന്‍. ഉണ്ണി മുകുന്ദന്റെ ഫിലിം പ്രാഡക്ഷന്‍ കമ്പനി ആയ UMF നിര്‍മ്മിച്ച ചിത്രമായത് കൊണ്ട് തന്റെ എല്ലാ തന്നിഷ്ടങ്ങളും തോന്നിവാസവും ഉപയോഗിക്കാന്‍ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്.
വിഷ്ണു മോഹന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുകയാണ്. കഥയില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന അഷറഫ് ഹാജി ഭൂമി തന്ത്രപരമായി കൈക്കലാക്കുന്ന ആരും ഇഷ്ടപെടാത്ത കഥാപാത്രമാക്കി തീര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
തികഞ്ഞ മതവിശ്വാസിയാണ് അഷറഫ് ഹാജി. ഹാജി എന്ന വാക്ക് പ്രത്യകം ശ്രദ്ധിക്കണം. അഷറഫ് ഹാജിയെ കാണിക്കുമ്പോഴല്ലാം പുട്ടിന് പീര പോലെ നിസ്‌ക്കരിച്ചിട്ട് വരാം, പള്ളിയില്‍ പോയി വന്നിട്ട് കാണാം എന്ന ഡയലോഗുകളും പ്രേക്ഷനില്‍ മുസ്‌ലിം വിരുദ്ധത കുത്തിനിറക്കാന്‍ ചേര്‍ക്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാതെ പോകരുത്.
അഷറഫ് ഹാജിയെ കൊണ്ട് തന്നെ ഞങ്ങളുടെ മതവിശ്വാസത്തിന് പലിശ എതിരാണ് എന്ന ഡയലോഗ് പറയിപ്പിച്ചതിന് ശേഷമാണ് വലിയ വിലയുള്ള ഭൂമി സാഹചര്യം മുതലാക്കി കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുന്ന വില്ലനായ്. അവതരിപ്പിക്കുന്നത്.
നായകന്‍ തികഞ്ഞ ഹിന്ദു മത വിശ്വാസി, നിഷ്‌കളങ്കന്‍, അമ്മയെയും കുടുംബത്തേയും നോക്കുന്ന ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ വിശ്വാസി. ഒന്ന് എല്ലാം തികഞ്ഞ നിഷ്‌കുവായ കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടും അയ്യപ്പ മാലയും ഇട്ട ചെരുപ്പിടാത്ത അയ്യപ്പഭക്തനായ ഹിന്ദു മത വിശ്വാസി ജയകൃഷ്ണന്‍. കൃഷ്ണന്‍ എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം.
രണ്ട് കൗശലക്കാരനായ ഒരിറ്റ് ദയ പോലും ഇല്ലാത്ത ധനാഡ്യനായ മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്ന വെള്ളമുണ്ട് ഉടുത്ത വെള്ള കുപ്പായമിട്ട മുണ്ട് ഇടത്തോട്ട് ഉടുത്തിരിക്കുന്ന, ഉപ്പുറ്റിയുടെ മുകളില്‍ ആണ് മുണ്ട് നില്‍ക്കുന്നത്, മുസ്‌ലിം തൊപ്പി ധരിച്ച അഷറഫ് ഹാജി. കൂടെ എപ്പോഴും ക്രൂരമുഖത്തോട് കൂടിയ രണ്ട് പേര്‍. അവരുടെ വേഷവും സമാനം. ഹാജി എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം.
നായകന്‍ നടത്തുന്ന വര്‍ക്ക്‌ഷോപ്പിന്റെ പേര് ശബരി. കഥയില്‍ പറയുന്ന വില്ലനായ അഷറഫ് ഹാജി വേടിച്ച ഭൂമിയിലൂടെ കടന്ന് പോകാന്‍ പോകുന്ന നന്‍മയുടെ പ്രതീകമായ റെയില്‍വേ ലെയിന്‍ന്റെ പേര് ശബരി. നായകനെ സഹായിക്കാനായി വരുന്ന ആംബുലന്‍സിന്റെ പേര് ഈയടുത്ത കാലത്ത് കൊലപാതകം നടത്താന്‍ ഉപയോഗിച്ച അതേ ആംബുലന്‍സിന്റെ പേര്. സേവാഭാരതി.
അവസാനം ഗബരി റെയില്‍ പാത വരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നു. നന്‍മ നിറഞ്ഞ ജയകൃഷ്ണന്‍ വിജയിക്കുന്നതായും അഷറഫ് ഹാജിയുടെ ഭൂമിയില്‍ പണിതിരിക്കുന്ന പുതിയ ഷോപ്പിങ്ങ് കോംപ്ലക്‌സ് ശബരി റെയില്‍ വന്നത് കൊണ്ട് തകരുന്നതായും നമ്മള്‍ സങ്കല്‍പിക്കണം.
അവസാന സീന്‍. കറുത്ത മുണ്ട് കറുത്ത ഷര്‍ട്ട് കാലില്‍ ചെരുപ്പടാതെ ജയകൃഷ്ണന്‍. ഒരു വശത്ത് അഷറഫ് ഹാജി അന്യായമായി വാങ്ങിയ ഭൂമിയില്‍ ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം. ജയകൃഷ്ണന്‍ മലയ്ക്ക് പോയി അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിക്കുന്നു. ഇരുമുടിക്കെട്ട് കാണിക്കുന്നു, ബി.ജി.എം ഇടുന്നു.
മലയ്ക്ക് പോയി വന്നതിന് ശേഷം, അടുത്ത സീന്‍. അതാണ് സീന്‍, ജയകൃഷ്ണന്റെ വീടിന്റെ പാര്‍ക്കല്‍ അന്നത്തെ പത്രത്തിലെ വാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ ശബരി റെയിലിനായി 1642 കോടി അനുവദിച്ചിരിക്കുന്നു. ഹൈന്ദവ മത വിശ്വാസിയായ, നന്‍മ മരമായ ജയകൃഷ്ണന്‍ വിജയിക്കുന്നു.
ഇസ്‌ലാം മതവിശ്വാസിയായ അഷറഫ് ഹാജി പരാജയപ്പെടുന്നു. മനോഹരമായിരിക്കുന്നു വിഷ്ണു മോഹന്‍. താങ്കള്‍ ഭംഗിയായ് വര്‍ഗ്ഗിയത പറയുന്നതില്‍ വിജയിച്ചിരിക്കുന്നു. ആര്‍.എസ്.എസ് കാര്‍ ചെയ്ത രണ്ട് നന്‍മകളും കൂടി കാണിച്ചിരുന്നങ്കില്‍ പൊളിച്ചേനേ വിഷ്ണു ബ്രോ. താടിക്കാരനായ മോദിജിക്ക് കൂടി ഒരു നന്ദിയും ആകാമായിരുന്നു. അടുത്ത പടത്തിലെങ്കിലും അത് മറക്കരുത്.
നീയൊക്കെ എത്ര വെളുപ്പിക്കാന്‍ ശ്രമിച്ചാലും വെളുപ്പിക്കാന്‍ കഴിയാത്തതിന്റെ പേരാണ് ആര്‍.എസ്.സും. ഭൂരിപക്ഷ വര്‍ഗീയതയും. കേരളത്തിന്റെ മണ്ണില്‍ അതിന് സ്ഥാനമില്ലന്ന് തെളിയിച്ചതുമാണ്. ഉണ്ണി മുകുന്ദന്‍ പണ്ടേ ഒരു നമോ ഭക്തനാണ് എന്ന് മറയില്ലാതെ തെളിയിച്ചതാണ്. തുടരുക.
ഒന്നറിയുക.. ഇത് കേരളമാണ്. നെല്ലും പതിരും തിരിച്ചറിയാന്‍ കഴിവുള്ള പ്രബുദ്ധമായ ജനതയുള്ള നാടാണ്.
വര്‍ഗീയതക്ക് എതിരെ പടപൊരുതിയ ചരിത്രമുള്ള മണ്ണാണ്.
അവിടെയൊക്കെ സിനിമ വേവണമെങ്കില്‍ ഇത്തരം വര്‍ഗീയതയ്ക്ക് കുട പിടിക്കരുത്. അയ്യപ്പസ്വാമിയുടെ ഉറ്റ സുഹൃത്തിന്റെ പേര് വാവര് എന്നാണ് ട്ടോ ഉണ്ണിയേ. അവിടെ തൊഴുതിട്ട് വേണം അയ്യനെ കാണാന്‍.
എന്നാലേ അയ്യപ്പസ്വാമി അനുഗ്രഹിക്കൂ. ശ്രീരാമനും, കാളി ദേവിയുമൊക്കെ പോയ് പോയ് ശബരിമലയിലാണ് ഇപ്പോഴത്തെ പിടിപ്പ്. കാഞ്ഞ ബുദ്ധിയായ് പോയി ഉണ്ണിയേ..
ഒരു വര്‍ഗീയതയും ഇവിടെ പുലരില്ല. കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന ഒരു ജനതയുണ്ട് ഇവിടെ. അന്തസ്സും അഭിമാനത്തോടെയും കൂടി നല്ല സിനിമകള്‍ക്ക് കാശ് ചില വാക്കൂ ഉണ്ണി മുകുന്ദന്‍. ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാം..
എന്നാല്‍ ഇതൊന്നും ഇവിടെ നടക്കില്ല. ഇത് താങ്കള്‍ വിചാരിക്കുന്ന പോലത്തെ മണ്ണല്ല.
ശോഭ സുബിന്‍.