| Thursday, 29th July 2021, 6:59 pm

യൂത്ത് കോണ്‍ഗ്രസിന് വേണ്ടത് ഫുള്‍ ടൈം പ്രസിഡന്റ്; ഷാഫിയെ മാറ്റണമെന്ന് സംസ്ഥാന കമ്മിറ്റിയോഗത്തില്‍ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ യൂത്ത് കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂത്ത് കോണ്‍ഗ്രസിലും നേതൃമാറ്റം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട നേതാക്കള്‍ ഷാഫി പറമ്പില്‍ അധ്യക്ഷ സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ടു.

”ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇഷ്ടക്കാര്‍ക്ക് സംഘടനക്കകത്ത് അനര്‍ഹമായ പ്രമോഷന്‍ നല്‍കി നിയമസഭാ സീറ്റ് നല്‍കിയതുകൊണ്ടാണ് മത്സരിച്ചവരില്‍ 12 പേരില്‍ 11 പേരും തോറ്റുപോയത്,’ നേതാക്കള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ വൈസ് പ്രസിഡന്റിന്റെ പരാജയവും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണെന്നും വിമര്‍ശനമുയര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണം നടന്ന സംഘടനാ തെരഞ്ഞെടുപ്പ് വഴി വന്ന കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് ജംബോ കമ്മിറ്റിക്കെതിരെ അധ്യക്ഷന്‍ രംഗത്തെത്തിയതെന്നും നേതാക്കള്‍ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസിന് പാര്‍ട്ട് ടൈം പ്രസിഡന്റല്ല, മുഴുവന്‍ സമയ പ്രസിഡന്റാണ് വേണ്ടത്. സംസ്ഥാന നേതാക്കള്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ സമയമില്ലാത്ത പ്രസിഡന്റായി ഷാഫി മാറിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം എന്ന പേരില്‍ കെ.പി.സി.സി. പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും മാറ്റാന്‍ സംഘടന അറിയാതെ ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഗുരുതരമായ തെറ്റാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന കമ്മറ്റിയോഗത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Youth Congress Shafi Parambil Dispute

We use cookies to give you the best possible experience. Learn more