തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ യൂത്ത് കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂത്ത് കോണ്‍ഗ്രസിലും നേതൃമാറ്റം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട നേതാക്കള്‍ ഷാഫി പറമ്പില്‍ അധ്യക്ഷ സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ടു.
”ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇഷ്ടക്കാര്‍ക്ക് സംഘടനക്കകത്ത് അനര്‍ഹമായ പ്രമോഷന്‍ നല്‍കി നിയമസഭാ സീറ്റ് നല്‍കിയതുകൊണ്ടാണ് മത്സരിച്ചവരില്‍ 12 പേരില്‍ 11 പേരും തോറ്റുപോയത്,’ നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ വൈസ് പ്രസിഡന്റിന്റെ പരാജയവും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണെന്നും വിമര്‍ശനമുയര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണം നടന്ന സംഘടനാ തെരഞ്ഞെടുപ്പ് വഴി വന്ന കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് ജംബോ കമ്മിറ്റിക്കെതിരെ അധ്യക്ഷന്‍ രംഗത്തെത്തിയതെന്നും നേതാക്കള്‍ ആരോപിച്ചു.