കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍. സിനിമാകഥ തയ്യാറാക്കുന്നതുപോലെ ഏതോ ഒരാള് ഇരുന്നെഴുതിയ തിരക്കഥയാണ് നടിയെ ആക്രമിച്ച കേസെന്നും അതില്‍ സര്‍ക്കാരിന്റെ ഭാഗം ആര് അഭിനയിക്കുമെന്ന കാര്യത്തിലാണ് സംശയമുണ്ടായിരുന്നതെന്നും നുസൂര്‍ ആരോപിച്ചു.
റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു നുസൂറിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചതിന് ശേഷം ആദ്യമായെടുത്ത തീരുമാനമാണിത്. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ശ്രീജിത്തിന്റെ പദവിമാറ്റം.
പി. ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണ്. കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് തുടങ്ങിവെച്ച പോരാട്ടമാണിത്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ അത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുമെന്നും നുസൂര്‍ വ്യക്തമാക്കി.
എസ്. ശ്രീജിത്തിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാക്കിയാണ് മാറ്റം, ഷേഖ് ദര്‍വേസ് സാഹിബാണ് ഇനി ക്രൈംബ്രാഞ്ച് മേധാവി.
ഡി.ജി.പി സുദേഷ് കുമാറിനെ ജയില്‍ മേധാവിയാക്കി. നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് സുദേഷ് കുമാര്‍. എം.ആര്‍. അജിത്ത് കുമാറാണ് പുതിയ വിജിലന്‍സ് മേധാവി.
നടിയെ ആക്രമിച്ച കേസുമായും വധഗൂഢാലോചന കേസുമായും ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവില്‍ നില്‍ക്കെയാണ് എസ്. ശ്രീജിത്തിന്റെ പദവി മാറ്റം എന്നതും ശ്രദ്ധേയമാണ്. നടിയെ ആക്രമിച്ച കേസില്‍ ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു.
അഡ്വക്കേറ്റ് ഫിലിപ്പ് ടി. വര്‍ഗീസാണ് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരിക്കുന്നത്.
അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ ആരോപിക്കുന്നുണ്ട്. കേസിലെ പ്രതികളേയും ബന്ധുക്കളേയും ക്രൈംബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അന്വേഷണ സംഘം അപവാദ പ്രചാരണം നടത്തുകയാണ്. ഇതിനുവേണ്ടി അന്വേഷണ സംഘം സായ് ശങ്കറിനെ കൂട്ടുപിടിച്ചു. സായ് ശങ്കറിന് മാധ്യമങ്ങളെ കാണാന്‍ അവസരമൊരുക്കിയത് എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനെതിരെ ഡി.ജി.പി ടോമിന്‍ തച്ചങ്കരി നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമുഖ സ്വര്‍ണാഭരണ ശാലയില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നല്‍കിയെന്ന പരാതിയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് പദവി മാറ്റം.
Content Highlights: Youth Congress reacts in ADGP S Sreejith’s post change