ഗീതാ ഗോപി എം.എല്‍.എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് 'ശുദ്ധികലശം' നടത്തി യൂത്ത്‌കോണ്‍ഗ്രസ്
തൃശൂര്‍: റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടിക എം.എല്‍.എയായ ഗീതാഗോപി കുത്തിയിരിപ്പ് സമരം നടത്തിയ ചേര്‍പ്പ് സിവില്‍ സ്റ്റേഷന് സമീപം ചാണകവെള്ളം തളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എം.എല്‍.എ സമരമിരുന്നിരുന്നത്.
ദളിത് എം.എല്‍.എയായ ഗീതാ ഗോപിയെ ജാതീയമായി അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ചാണകവെള്ളം തളിച്ചതെന്ന് സി.പി.ഐ പറഞ്ഞു.
ചാണകവെള്ളം തളിയ്ക്കുന്നതിന് നേതൃത്വം നല്‍കിയ ചേര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം. സുജിത് കുമാര്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ വിനോദ് എന്നിവര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും പരാതി നല്‍കുമെന്ന് എ.ഐ.വൈ.എഫ് ചേര്‍പ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ ഷിഹാബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കുക.
ഇന്ന് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നാട്ടുകാര്‍ നേരത്തെ ഗീത ഗോപി എം.എല്‍.എയെ വഴിയില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫീസിലെത്തി എം.എല്‍.എ പ്രതിഷേധിക്കുകയായിരുന്നു. ഒടുവില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പാറപ്പൊടിയിറക്കി കുഴി മൂടിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ എം.എല്‍.എ തയ്യാറായത്.