തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തീരുമാനിച്ച നികുതി വര്‍ധനക്കെതിരെ തലസ്ഥാനത്ത യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ജനവിരുദ്ധ ബജറ്റിനെതിരെ
സഭയ്ക്കകത്തും പുറത്തും സമരം തുടരാനാണ് തീരുമാനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു.
ജനത്തിന്റെ തലക്കടിക്കുന്ന ജനവിരുദ്ധ ബജറ്റാണിതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വിഷയത്തില്‍ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി.ആര്‍. മഹേഷ് എന്നീ പ്രതിപക്ഷ എം.എല്‍.എമാര്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.
യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് വഴിയിലൂടെ കടന്നുപോകാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ അനുവാദം വേണ്ടിവരുന്നവിധത്തില്‍ സമരം ശക്തമാക്കുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ചരിത്രത്തിലെ മോശം ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. മഹാമാരിക്ക് ശേഷം ഇങ്ങനെയൊരു വിലക്കയറ്റം ജനങ്ങള്‍ക്ക് താങ്ങാനാകില്ല. എന്തിനും ഏതിനും ടാക്‌സാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം.
കേരളത്തിലെ മുഖ്യമന്ത്രിക്ക് വഴിയിലൂടെ തടസമില്ലാതെ പോകണമങ്കില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അനുവാദം വേണ്ടിവരും എന്ന നിലയില്‍ സമരത്തെ മാറ്റിയെടുക്കും,’ സതീശന്‍ പറഞ്ഞു.
‘ഇത് തീവെട്ടിക്കൊള്ളയാണ്, പിടിച്ചുപറിയാണ് , സാധാരണക്കാരന്റെ പോക്കറ്റടിക്കയാണ്. ഈ നികുതി ഭീകരത പ്രതിപക്ഷം അംഗീകരിക്കില്ല. ജനദ്രോഹ ബജറ്റിലെ നികുതിക്കൊള്ള പിന്‍വലിക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ച്ചയ്ക്കില്ല,’ സതീശന്‍ പറഞ്ഞു.
എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. നിയമസഭക്ക് 100 മീറ്റര്‍ അകലെ വെച്ച് ബാരിക്കേട് വെച്ച് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. വലിയ പൊലീസ് സന്നാഹമാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിയമസഭക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള തുടങ്ങിയതും പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രതിഷേധിച്ചു. എന്നാല്‍ ചോദ്യോത്തരവേളയുമായി പ്രതിപക്ഷം സഹകരിച്ചു.
Content Highlight: Youth Congress protests in the capital against the tax increase decided in the state government budget