| Thursday, 20th January 2022, 11:59 am

കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

മന്ത്രി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് കെ റെയില്‍ വിശദീകരണ യോഗം നടക്കുന്നത്. മന്ത്രി എം.വി. ഗോവിന്ദന്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

പ്രതിഷേധം വിളിച്ച് യോഗം നടക്കുന്ന ഓഡിറ്റോറിയത്തിനകത്തേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും യോഗത്തിന്റെ സംഘാടകരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ഉദ്ഘാടനയോഗം നടക്കുന്ന ഹാളിന്റെ വാതിലുകള്‍ അടക്കുകയായിരുന്നു.

തുടര്‍ന്ന് ഓഡിറ്റോറിയത്തിന് പുറത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുനിന്ന് പ്രതിഷേധം തുടരുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കാന്‍ പൊലീസ് ഇടപെട്ടത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധക്കാര്‍ ഓഡിറ്റോറിയത്തിന് പുറത്തെത്തിയപ്പോള്‍ അത് ചോദ്യം ചെയ്യാനെത്തിയ ജയ്ഹിന്ദ് ടി.വിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരടമുള്ളവരെ പൊലീസ് മര്‍ദ്ദിച്ചു എന്നാണ് പരാതി.

ഇതേത്തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. യോഗം തുടരുന്നുണ്ട്.

പി. ജയരാജന്‍, എം.വി. ജയരാജന്‍, എ.എം. ഷംസീര്‍ എന്നിവരടക്കമുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Youth Congress protest towards the K Rail explanatory meeting

We use cookies to give you the best possible experience. Learn more