തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരത്തിനിടെയാണ് സംഭവം.
മന്ത്രി കെ രാജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. സ്വാശ്രയ കോളേജുകളെ വഴിവിട്ട് സഹായിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസ സമരത്തിനിടെയാണ് മന്ത്രി രാജുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞത്.
സമരവേദിയ്ക്ക് മുന്നിലൂടെ പോകുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് നേരെ മുദ്രാവാക്യങ്ങള്‍ മുഴക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ പത്ത് മിനിറ്റോളം റോഡില്‍ തടഞ്ഞുവെച്ചു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് ഉപരോധിക്കുകയാണ്.
അപ്രതീക്ഷിതമായ അക്രമമാണ് തനിക്കെതിരെ നടന്നതെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു. അതേസമയം, സമരപ്പന്തലില്‍ കയറി യാതൊരു പ്രകോപനവും കൂടാതെ പോലീസ് പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് നടപടി. ഭീകരമായ ലാത്തിച്ചാര്‍ജ്ജ് പോലീസ് നടത്തി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം സുരക്ഷ ഒരുക്കുന്നതില്‍ പറ്റിയ വീഴ്ച്ച മറക്കാനാണ് സമരപ്പന്തലില്‍ കയറി പൊലീസ് അക്രമമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമരവേദിയിലെത്തി. സമരക്കാര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രകടനമായെത്തി. ഇവിടെ സ്ഥാപിച്ച ഇടതു പക്ഷ സംഘടനകളുടെ ഫ്‌ലക്‌സുകളും പോസ്റ്ററുകളും നശിപ്പിച്ചിട്ടുണ്ട്.