'തലസ്ഥാനത്ത് കുടിവെള്ളം നിലച്ചിട്ട് നാലാം നാള്‍'; മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
Kerala News
'തലസ്ഥാനത്ത് കുടിവെള്ളം നിലച്ചിട്ട് നാലാം നാള്‍'; മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2024, 5:59 pm

തിരുവനന്തപുരം: തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. കാലി ബക്കറ്റും കുടവും ഉയര്‍ത്തിക്കൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. നിലവില്‍ തലസ്ഥാനത്ത് കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതിഷേധം.

പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധി ജില്ലയിലെ അഞ്ച് ലക്ഷം ജനങ്ങളെ ബാധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ 44 വാര്‍ഡുകളില്‍ ഇതുവരെ കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്കായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകള്‍ ഓരോ ലോഡ് വെള്ളം വീതം വാര്‍ഡുകളിലെത്തിക്കുന്നുണ്ട്. എന്നാല്‍ ടാങ്കറുകള്‍ കൃത്യ സമയത്ത് വാര്‍ഡുകളില്‍ എത്തുന്നില്ലെന്ന പരാതിയും ഇപ്പോള്‍ ഉയരുന്നുണ്ട്.

അതേസമയം ഇന്ന് വൈകിട്ട് നാല് മണിയോടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കോര്‍പ്പറേഷനും അധികൃതര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പൈപ്പുകളുടെ അറ്റകുറ്റപണിയിൽ താളപ്പിഴവ് ഉണ്ടായെന്നാണ് പറയുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഒരു മണിക്കൂര്‍ കൂടി വേണ്ടി വരുമെന്നാണ് കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ കിള്ളിപ്പാലത്ത് റെയില്‍വേ പാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണ നടപടികള്‍ക്കിടെയാണ് കുടിവെളള പ്രതിസന്ധിയുണ്ടായത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് അടുത്ത ദിവസം കുടിവെള്ളം തടസപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത്രയും ദിവസം കുടിവെള്ളം കിട്ടാതിരിക്കുമെന്ന് കരുതിയില്ലെന്നും ആളുകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ വെള്ളിയാഴ്ച രാവിലെ എട്ട് മണി വരെ വെള്ളം ഉണ്ടാകില്ല,’ എന്നായിരുന്നു അറിയിപ്പ്.

Content Highlight: Youth Congress protest march to Water Resources Minister Roshi August’s residence over the drinking water crisis in the capital