| Thursday, 21st July 2022, 2:32 pm

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവം; ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ട്രെയിന്‍ തടയല്‍ സമരവുമായി യൂത്ത് കോണ്‍ഗ്രസ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.

ചെന്നൈ സെന്‍ട്രലിലേക്ക് പോകേണ്ട ട്രെയിനിന്റെ മുന്നിലും മുകളിലും കയറിനിന്നാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് രാജധാനി എക്‌സ്പ്രസും സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.

പൊലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. റെയില്‍വേ ട്രാക്കില്‍ കിടന്നുകൊണ്ടും നേതാക്കള്‍ പ്രതിഷേധിക്കുന്നുണ്ട്. പ്രവര്‍ത്തകരും ട്രാക്കില്‍ തന്നെ കുത്തിയിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും ഇ.ഡി നടപടിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. അമ്പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയത്.

രാജധാനി എക്‌സ്പ്രസിന് മുന്നിലെ തടസങ്ങള്‍ പൊലീസ് നീക്കിയിട്ടുണ്ട്. എന്നാല്‍ റെയില്‍വേ ട്രാക്കില്‍ നിന്നും പൂര്‍ണമായും പിന്മാറാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകാതിരുന്നതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് മാറ്റിയിട്ടുണ്ട്.

റെയില്‍വേ ട്രാക്കിലെ തടസങ്ങള്‍ പൊലീസ് മാറ്റിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് മുന്നിലെ ആര്‍.പി.എഫ് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

ദല്‍ഹിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്ന് ട്രെയിനുകള്‍ തടഞ്ഞിട്ടുണ്ട്.

ന്യൂദല്‍ഹിയില്‍ ഇ.ഡി ഓഫീസിന് മുന്നിലും എ.ഐ.സി.സി ആസ്ഥാനത്തും സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിലുമായി കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്.

അല്‍പസമയം മുമ്പായിരുന്നു നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. മകള്‍ പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.

കെ.സി. വേണുഗോപാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഹരീഷ് റാവത്ത്, ശശി തരൂര്‍ എം.പി അടക്കമുള്ള നേതാക്കള്‍ ദല്‍ഹിയില്‍ പ്രതിഷേധരംഗത്തുണ്ട്. എന്നാല്‍ ഇവരെ ഇ.ഡി ഓഫീസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു.

പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു.

നേരത്തെ ഇതേ കേസില്‍ രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. കൊവിഡും മറ്റ് ശാരീരിക അസ്വസ്ഥതകളുമുള്ളതിനാല്‍ ഹാജരാവുന്നതിന് സോണിയ ഗാന്ധി ഇ.ഡിയോട് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ 21ന് ഹാജരാകണമെന്ന പുതിയ സമന്‍സ് ഇ.ഡി അയച്ചത്.

അഞ്ച് ദിവസമായി 50 മണിക്കൂറോളമായിരുന്നു രാഹുലിനെ ചോദ്യം ചെയ്തത്. രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുന്നില്‍ ഹാജരായ സമയത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പ്രതിഷേധം നടത്തിയിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു 1938ല്‍ സ്ഥാപിച്ച പത്രമായിരുന്നു നാഷണല്‍ ഹെറാള്‍ഡ്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം 2008ല്‍ പത്രം നിര്‍ത്തുന്നതിന് മുന്‍പായി കോണ്‍ഗ്രസ് നേതൃത്വം പത്രത്തിന് 90കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയിരുന്നു.

പിന്നീട്, 2010ല്‍ പത്രമടങ്ങുന്ന എ.ജെ.എല്‍ (അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ്) എന്ന കമ്പനിയുടെ കോടിക്കണക്കിന് രൂപയുടെ ഓഹരികള്‍ യങ് ഇന്ത്യ എന്ന കമ്പനി രൂപീകരിച്ച് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തട്ടിയെടുത്തു എന്നായിരുന്നു കേസ്.

2012ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസുമായി കോടതിയെ സമീപിച്ചത്. അഞ്ച് ലക്ഷം രൂപ മാത്രം മൂലധനമായി രൂപീകരിച്ച കമ്പനിയാണ് യങ് ഇന്ത്യ എന്നും അതുപയോഗിച്ച് എ.ജെ.എല്‍ കമ്പനിയുടെ ഏതാണ്ട് 2000 കോടിയിലധികം രൂപ വരുന്ന ആസ്തികള്‍ തട്ടിയെടുത്തു എന്നാണ് കേസ്.

കമ്പനിയുടെ മറ്റ് പ്രസിദ്ധീകരണങ്ങളും ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി സ്ഥാപനത്തിന്റെ പേരിലുള്ള മറ്റ് വസ്തുക്കളും സോണിയയും രാഹുലും സ്വന്തം പേരിലാക്കി എന്നും കേസില്‍ ആരോപിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 90 കോടിയിലധികം രൂപ പലിശ രഹിത വായ്പയായി കോണ്‍ഗ്രസ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആ തുക തിരിച്ചടച്ചിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങിയവരെ കേസില്‍ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. തെളിവില്ലെന്ന് കണ്ട് 2015ല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതി അന്വേഷണം അവസാനിപ്പിച്ചതായിരുന്നു.

Content Highlight: Youth Congress protest in Thiruvananthapuram railway station against ED questioning Sonia Gandhi

We use cookies to give you the best possible experience. Learn more