| Friday, 29th June 2018, 11:58 am

നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ; റീത്ത് വെച്ച് പ്രവര്‍ത്തകരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടനും A.M.M.A പ്രസിഡന്റുമായ മോഹന്‍ലാലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. കൊച്ചിയിലെ എളമക്കരയിലെ വസതിയിലേക്കാണ് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും മാര്‍ച്ച് നടത്തുന്നത്.

അമ്മയ്ക്ക് ആദരാജഞ്ജലികള്‍ എന്ന ബാനര്‍ പിടിച്ച് റീത്ത് വെച്ച് ചന്ദനത്തിരി കത്തിച്ച് മോഹന്‍ലാലിന്റെ വസതിയുടെ മുന്നില്‍ കുത്തിയിരുന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

നടി ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെതിരെ കഴിഞ്ഞ ദിവസം തന്നെ A.M.M.A സംഘനടയ്‌ക്കെതിരെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

നടിയോട് നീതി കാണിക്കാത്ത ഒരു സംഘടനയില്‍ തുടരാന്‍ മോഹന്‍ലാലിന് അര്‍ഹതയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. കുറ്റവാളിയായ ദിലീപിനെ തിരിച്ചെടുത്തതിനെ പിന്തുണച്ച മുകേഷ്, ഗണേഷ്, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ക്കെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്.

ഇത്തരമൊരു തീരുമാനത്തിന് കൂട്ടുനിന്ന മോഹന്‍ലാല്‍ ലഫ്റ്റനന്റ് കേണല്‍ പദവി ഉപേക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.


ഇറാനില്‍ നിന്നും എണ്ണ വേണ്ട; യു.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യ


ജനാധിപത്യമല്ല താരാധിപത്യമാണ് സംഘടനയില്‍ നടക്കുന്നതെന്നും കുറ്റവാളിക്കൊപ്പമാണ് സംഘടനയും ജനപ്രതിനിധികളും എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇത്തരമൊരു സംഘടന പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും ഇവര്‍ പറഞ്ഞു.

ഇന്നലെ എറണാകുളത്തെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഓഫ് കൊമേഴ്‌സിന് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

അമ്മ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് രാജിവെച്ച ശേഷം മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലായിരുന്നു ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായത്. ഇതേതുടര്‍ന്ന് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നെങ്കിലും വിഷയത്തില്‍ സംഘടന ഒരു പ്രതികരണത്തിനും തയ്യാറായിരുന്നില്ല.

Latest Stories

We use cookies to give you the best possible experience. Learn more