കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ സ്വീകരിച്ചത് ബീഫ് ഫെസ്റ്റ് നടത്തി. നാവികസേനാ വിമാനത്താവളത്തിന് പുറത്തായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം.
കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ ബീഫ് ഫെസ്റ്റ് നടത്തി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
പ്രധാനമന്ത്രി വന്നിറങ്ങിയ നാവികസേന വിമാനത്താവളത്തിന് സമീപമാണ് ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് 2017 മേയ് 23നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ത്തിയ സംസ്ഥാനങ്ങളിലൊന്ന് കേരളമായിരുന്നു. ബീഫ് നിരോധനത്തിനെതിരെ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
അടുത്തിടെ മിസോറാം സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ ബീഫ് പാര്‍ട്ടി നടത്തിയായിയിരുന്നു പ്രതിഷേധക്കാര്‍ സ്വീകരിച്ചത്.
കശാപ്പിനായുളള കന്നുകാലി വില്പന നിരോധിച്ച കേന്ദ്ര നടപടിയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശന വേളയില്‍ മിസോറാമിലെ ഒരുകൂട്ടമാളുകള്‍ ബീഫ് പാര്‍ട്ടി നടത്തിയത്. “ഇതാണ് ഞങ്ങളുടെ രുചികരമായ ബീഫ്. നിങ്ങളുടെ വിശ്വാസം ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ട” എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്.