'സാംസ്‌കാരിക നായകര്‍ പ്രതികരിക്കൂ' കേരളാ സാഹിത്യ അക്കാദമിയ്ക്കുമുമ്പില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്; ജനാധിപത്യ സംസ്‌കാരത്തിനുനേരെയുള്ള കയ്യേറ്റമെന്ന് പു.ക.സ
Kerala News
'സാംസ്‌കാരിക നായകര്‍ പ്രതികരിക്കൂ' കേരളാ സാഹിത്യ അക്കാദമിയ്ക്കുമുമ്പില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്; ജനാധിപത്യ സംസ്‌കാരത്തിനുനേരെയുള്ള കയ്യേറ്റമെന്ന് പു.ക.സ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st February 2019, 11:19 am

 

തൃശൂര്‍: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂരിലെ കേരളാ സാഹിത്യ അക്കാദമിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രകടനവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്കാദമി പ്രസിഡന്റിന്റെ വാഹനത്തില്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചു.

“സാംസ്‌കാരിക നായകരെ മൗനം വെടിഞ്ഞ് പ്രതികരിക്കൂ” എന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

എന്തിനും ഏതിനും പ്രതികരിക്കുന്ന സാസ്‌കാരിക പ്രവര്‍ത്തകര്‍ പെരിയയിലെ ഇരട്ടക്കൊലയില്‍ പ്രതിഷേധിക്കാത്തത് സി.പി.ഐ.എമ്മിനെ ഭയന്നിട്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

സാഹിത്യ അക്കാദമിയുടെ ഔദ്യോഗിക വാഹനത്തിനു മുമ്പില്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങിയത്.

അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പുരോഗമന കലാ സാഹിത്യ സംഘം രംഗത്തുവന്നു. കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തിനു നേരെ നടന്ന കയ്യേറ്റമായി ഈ ആക്രമണത്തെ കാണണമെന്നാണ് പു.ക.സ പ്രസ്താവനയില്‍ പറയുന്നത്.

കാസര്‍ക്കോട്ടു നടന്ന കൊലപാതകത്തില്‍ എഴുത്തുകാരും കലാകാരന്മാരുമടക്കമുള്ള മുഴുവന്‍ കേരള ജനതയും നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തിക്കഴിഞ്ഞു. ഉചിതമായ അന്വേഷണം നടത്തി പ്രതികളില്‍ ഭൂരിഭാഗവും പിടിയിലായി. ഈ സമയത്ത് അന്തരിക്ഷം കലുഷിതമായി നില്‍ക്കണമെന്നും കൊലപാതക പരമ്പര സൃഷ്ടിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് അക്കാദമി അക്രമണത്തിനു പിന്നിലുള്ളതെന്നാണ് പു.ക.സ ആരോപിക്കുന്നത്.