'സിനിമാക്കാരോടുള്ള കലി മാറാതെ യൂത്ത് കോണ്‍ഗ്രസ്'; 'കീട'ത്തിന്റെ ലൊക്കേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്
Kerala News
'സിനിമാക്കാരോടുള്ള കലി മാറാതെ യൂത്ത് കോണ്‍ഗ്രസ്'; 'കീട'ത്തിന്റെ ലൊക്കേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th November 2021, 4:34 pm

കൊച്ചി: കീടം എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. റോഡ് കൈയ്യേറിയുള്ള ഷൂട്ടിംഗ്, സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.

എറണാകുളം പുത്തന്‍കുരിശ് പള്ളിക്ക് സമീപമുള്ള ഗെസ്റ്റ് ഹൗസിലായിരുന്നു ശ്രീനിവാസന്‍ നായകനായ സിനിമയുടെ ചിത്രീകരണം. ഇവിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്.

ശ്രീനിവാസന് പുറമേ ചിത്രത്തില്‍ വിജയ് ബാബു, രജിഷ വിജയന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രാഹുല്‍ റിജി നായര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ ദിവസും പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമയുടെ സെറ്റിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.

കോട്ടയം പൊന്‍കുന്നത്തെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തടയുകയും ചെയ്തു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു.

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധത്തിന് പിന്നാലെയാണ് സിനിമാ ഷൂട്ടിംഗുകള്‍ തടസപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ രംഗത്തെത്തുന്നത്.

സിനിമാ ലൊക്കേഷനുകളില്‍ ഇത്തരം പ്രതിഷേധങ്ങള്‍ തുടരാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസിന്റെ ചില പ്രധാന നേതാക്കള്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Youth Congress organized a protest march to the location of the movie ‘Keedam’