|

ശോഭ സുരേന്ദ്രനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ ശോഭ സുരേന്ദ്രനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്. മലപ്പുറം യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഹാരിസ് മുഡൂര്‍ ആണ് ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം’ എന്ന കുറിപ്പോട് കൂടി ഹാരിഡ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. ശോഭ സുരേന്ദ്രന്റെ ചിത്രം ഉള്‍പ്പെടെയാണ് ഹാരിസ് പോസ്റ്റ് ചെയ്തത്.

ഇന്നലെ മുന്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയോഗിച്ചിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിനായി വിഞ്ജാപനം പുറത്തിറക്കിയതോടെ ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ് അടക്കമുള്ളവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍ ഒരു പുതുമുഖം നേതൃസ്ഥാനത്തേക്ക് വരണമെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനം രാജീവിന് അനുകൂലമാകുകയിരുന്നു. ഏകകണ്ഠമായാണ് രാജീവിനെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ ബി.ജെ.പി നേതാവ് കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.

അതേസമയം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ ചില തടസങ്ങള്‍ നേരിട്ടിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ ഇന്നലെ (ഞായര്‍) മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഓഫീസിലേക്ക് എത്താന്‍ വൈകിയെന്നും താന്‍ കയറിയെന്ന് കരുതി ഡ്രൈവര്‍ കാറെടുക്കുകയായിരുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിനെ നിയോഗിച്ചത് ശരിയായ തീരുമാനമാണെന്നും ശോഭ പ്രതികരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി രംഗത്തെത്തിയത്.

അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ. സുരേന്ദ്രന് പകരമാണ് രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷന്‍ പദവിയിലെത്തുന്നത്. ഇന്ന് (തിങ്കള്‍) നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തിയ നേതാവാണ് രാജീവ് ചന്ദ്രശേഖര്‍. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും ഐ.ടി ആന്‍ഡ് ഇലക്ട്രോണിക്‌സിലെ അറിവുമാണ് രാജീവിനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച രാജീവ് ചന്ദ്രശേഖര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.

Content Highlight: Youth Congress office bearer invites Shobha Surendran to join the party

Video Stories