| Monday, 24th April 2023, 4:42 pm

യുവം വേദിക്ക് സമീപം പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ കയ്യേറ്റം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തേവരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിയുടെ വേദിക്ക് സമീപം പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പ്രധാന വേദിക്ക് സമീപമെത്തിയ പ്രവര്‍ത്തകന്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തിയതായതായാണ് റിപ്പോര്‍ട്ട്.

ഇയാളെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. മാനസിക രോഗമുള്ള രാഷ്ട്രീയക്കാരാണ് ഇങ്ങനെ പ്രതിഷേധിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതിനിടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും എത്തില്ല. കൊച്ചിയിലേത് ഔദ്യോഗിക പരിപാടിയല്ലാത്തതിനാലാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ താന്‍ എത്താത്തതെന്നും ചൊവ്വാഴ്ച വന്ദേഭാരത് ഉദ്ഘാടനമുള്‍പ്പെടെയുള്ള പരിപാടികള്‍ക്കെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് താനുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സാധാരണഗതിയില്‍ പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാനായി മുഖ്യമന്ത്രി വരേണ്ടതാണെന്നും എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതെന്ന് തനിക്കറിയില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, ചലച്ചിത്ര താരം അപര്‍ണ ബാലമുരളി എന്നിവര്‍ യുവം 2023ല്‍ പങ്കെടുക്കുന്നുണ്ട്. യുവം സമ്മേളനത്തിന് ശേഷം നരേന്ദ്ര മോദി ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ എട്ട് മത മേലധ്യക്ഷന്മാര്‍ പങ്കെടുക്കും.

വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനമുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി അടുത്തിടെ തമിഴ്‌നാട്ടിലും തെലങ്കാനയിലുമെത്തിയ പ്രധാനമന്ത്രിക്ക് നേരേ വലിയ പ്രതിഷേധങ്ങളായിരുന്നു അവിടെ ഉയര്‍ന്നത് ഗോ ബാക്ക് ഫാസിസ്റ്റ് മോദിയുള്‍പ്പെടെയുള്ള ക്യാമ്പയിനുകള്‍ ട്വിറ്ററില്‍ തരംഗമായിരുന്നു.

നേരത്തെ പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പശ്ചിമ കൊച്ചി സ്വദേശികളായ പത്തോളം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്റ് തമ്പി സുബ്രഹ്‌മണ്യം, ഡി.സി.സി സെക്രട്ടറി എന്‍.ആര്‍ ശ്രീകുമാര്‍, അഷ്‌കര്‍ ബാബു, ഷെബിന്‍ ജോര്‍ജ്, ബഷീര്‍ എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലധികം പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഗതാഗത നിയന്ത്രണങ്ങളുമുണ്ടാകും.

Content Highlights: youth congress  member who protested near the yuvam venue was assaulted by BJP workers

We use cookies to give you the best possible experience. Learn more