| Thursday, 23rd June 2022, 9:50 am

പി.കെ. ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷ; എം.എം. മണിക്കെതിരായ അധിക്ഷേപത്തെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷീബ രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറിന്റെ പരാമര്‍ശം ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്
ഷീബ രാമചന്ദ്രന്‍. പി.കെ. ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷ ആണന്നാണ് ഷീബ രാമചന്ദ്രന്‍ പറഞ്ഞത്.

‘എം.എം. മണി നാളിതു വരെ പറഞ്ഞത് ഇടുക്കിയിലെ നാട്ടുഭാഷ ആണെങ്കില്‍ പി.കെ. ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷയാണ്,’ എന്നാണ് ഷീബ രാമചന്ദ്രന്‍ എഴുതിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

പി.കെ. ബഷീര്‍ എം.എല്‍.എയുടെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് ഷീബ രാമചന്ദ്രന്റെ ന്യായീകരണം. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു പി.കെ. ബഷീറിന്റെ വിവാദ പരാമര്‍ശം.

‘കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍,’ എന്ന് ഫേസ്ബുക്കില്‍ എഴുതിയാണ് മന്ത്രി വി. ശിവന്‍കുട്ടി എം.എം. മണിക്ക് പന്തുണയറിയിച്ചത്. എം.എം. മണി നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം പങ്കുവെച്ചായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു പി.കെ. ബഷീറിന്റെ വിവാദ പരാമര്‍ശം.

എം.എം മണിയുടെ ‘കണ്ണും മോറും’ കറുപ്പല്ലേ എന്ന് പറഞ്ഞ പി.കെ.ബഷീര്‍ കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എം. മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നുമാണ് ബഷീര്‍ അധിക്ഷേപിച്ചത്.

‘കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക്(മുഖ്യമന്ത്രി) പേടി, പര്‍ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. എനിക്കുള്ള പേടി എന്താണെന്നുവെച്ചാല്‍, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലേക്ക് എം.എം. മണി ചെന്നാല്‍ എന്താകും എന്ന് വിചാരിച്ചാണ്. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലെ,’ എന്നായിരുന്നു പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞത്.

CONTENT HIGHLIGHTS: Youth Congress leader Sheeba Ramachandran Justify Muslim League MLA had insulted MM Mani on color

We use cookies to give you the best possible experience. Learn more