കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. കണ്ണൂരിലെ കൊട്ടിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജയ്‌മോന്‍ കല്ലുപുരയ്ക്കലാണ് ഭീഷണി സന്ദേശമയച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
25 കൊല്ലമായി താന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണെന്നും തന്നെ തഴഞ്ഞാല്‍ ജീവിച്ചിരിക്കില്ലെന്നുമായിരുന്നു സന്ദേശം. പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫിനാണ് ജയ്‌മോന്‍ കല്ലുപുരയ്ക്കല്‍ ഓഡിയോ സന്ദേശം അയച്ചത്.
അതേസമയം ജയ്‌മോന്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ച് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
നേരത്തെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്.
പല തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കാന്‍ എത്തുന്നു. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ ഉളുപ്പില്ലാതെ വീണ്ടും മത്സരിക്കാനിറങ്ങുന്നുവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പറഞ്ഞത്.
ചില നേതാക്കള്‍ക്ക് പെരുന്തച്ചന്‍ സിന്‍ഡ്രോമാണെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു.
മൂന്ന് ടേം കഴിഞ്ഞവരെ തെരഞ്ഞെടുപ്പിന് പരിഗണിക്കേണ്ടെന്ന സി.പി.ഐ.എം നിലപാടിനെ കോണ്‍ഗ്രസ് മാതൃകയാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കേണ്ടവരുടെ പട്ടികയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തിയെങ്കിലും അനുഭാവപൂര്‍ണമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്.
എറണാകുളം ജില്ലയിലെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്കായി 130 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം അനുകൂലമായിരുന്നില്ല. ഇതിന് പിന്നാലെയാണ് സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക