കോഴിക്കോട്: പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ വിമര്‍ശനം.
സംസ്ഥാനത്ത് കൊലപാതകങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം.
‘ആരാ ഡി.ജി.പി ഏമാനെ ജാഗ്രത പാലിക്കണ്ടത്? കൊല്ലാന്‍ വരുന്നവരാണോ, കൊല്ലപ്പെടാന്‍ സാധ്യതയുള്ളവരാണോ? എന്തായാലും ഏമാനും, ഏമാന്റെ ഏഭ്യന്തര വകുപ്പും, ഏമാന്റെ വകുപ്പ് മന്ത്രിയും ഒരു ജാഗ്രതയും കാണിക്കില്ലായെന്ന് അറിയാം,’ രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.
ഒരു വിഷു ദിനം കൂടി സങ്കടത്തില്‍ അവസാനിച്ചു. പിതാവിന്റെ മുന്നിലിട്ട് മകനെ അരുംകൊല ചെയ്തു. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. വര്‍ഗീതയുടെ പേരില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
അതേസമയം, സുബൈറിന്റെ കൊലപാതകത്തില്‍ ബി.ജെ.പിക്കോ സംഘപരിവാറിനോ കൊലയില്‍ പങ്കില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രതികരിച്ചു. കൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ പ്രതികരണം.