മതം നോക്കി മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ തീവ്രവാദ ബന്ധം പറഞ്ഞ് കേസെടുക്കുന്ന പിണറായിയെ ആദ്യം തിരുത്ത്; റഹീമിനോട് റിജില്‍ മാക്കുറ്റി
Kerala News
മതം നോക്കി മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ തീവ്രവാദ ബന്ധം പറഞ്ഞ് കേസെടുക്കുന്ന പിണറായിയെ ആദ്യം തിരുത്ത്; റഹീമിനോട് റിജില്‍ മാക്കുറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 11:07 pm

തിരുവനന്തപുരം: അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കളാണെന്നും ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ. റഹീമിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി.

മതം നോക്കി മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ തീവ്രവാദ ബന്ധം പറഞ്ഞ് കേസെടുക്കുന്ന പിണറായിയെ ആദ്യം തിരുത്താന്‍ നോക്കണം. ജില്ല നോക്കി പന്നി ഫെസ്റ്റും ബീഫ് ഫെസ്റ്റും നടത്തിയവര്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ആര്‍.എസ്.എസ് വിരുദ്ധത പഠിപ്പിക്കേണ്ടെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

‘റഹീമേ, താങ്കള്‍ മതം നോക്കി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് എതിരെ തീവ്രവാദ ബന്ധം പറഞ്ഞ് കേസെടുക്കുന്ന പിണറായിയെ ആദ്യം തിരുത്താന്‍ നോക്ക്. പിന്നെ തലശ്ശേരിയില്‍ പള്ളി പൊളിക്കും എന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ച ആര്‍.എസ്.എസ് തീവ്രവാദികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്തി കേസെടുക്കാന്‍ പറ തമ്പ്രാനോട്.

അലനും താഹയ്ക്കും നേരെ ചുമത്തിയ യു.എ.പി.എ വകുപ്പ് എന്തുകൊണ്ട് വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത ആര്‍.എസ്.എസുകാര്‍ക്ക് എതിരെ ചുമത്തുന്നില്ല? ചുവപ്പണിഞ്ഞ കാവി സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. എന്നിട്ട് രാഹുല്‍ ഗാന്ധിക്ക് എതിരെ പറ,’ റിജില്‍ മാക്കുറ്റി പറഞ്ഞു.

 

എന്താണ് രാഹുല്‍ ഗാന്ധി ഇന്നലെ ജയ്പൂരില്‍ പ്രസംഗിച്ചത്. സംഘപരിവാര്‍ എന്ന് പറയുന്ന ഹിന്ദു തീവ്രവാദികളില്‍ നിന്ന് ഇന്ത്യയെ മോചിക്കാനാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. പിന്നെ, ഹിന്ദു എന്ന പദം ഒരു സംസ്‌കാരമാണ്, മതമല്ല. ആര്‍.എസ്.എസ് അല്ലാത്ത എല്ലാവരും ഉണ്ട്. അതില്‍ മുസ്‌ലിം ഉണ്ട്, ക്രിസ്ത്യനുണ്ട്, ജൈന, ബുദ്ധ, സിഖ് പാരമ്പര്യമുണ്ട്. വന്നുചേര്‍ന്നതായ എല്ലാ സംസ്‌കാരവുമുണ്ട്, പങ്കുവെച്ച ആശങ്ങള്‍ ഉണ്ട്. അതാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ച ഹിന്ദുവെന്നും അദ്ദേഹം പറഞ്ഞു.

അവിടെയാണ് കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ നെറികെട്ട പ്രചാരവേലയുമായി താങ്കളും താങ്കളുടെ പ്രസ്ഥാനവും വരുന്നത്. സങ്കികള്‍ വെല്ലുവിളിച്ചപ്പോള്‍ ജില്ലകള്‍ നോക്കി പന്നി ഫെസ്റ്റും ബീഫ് ഫെസ്റ്റും നടത്തിയ ടീംസ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും ആര്‍.എസ്.എസ് വിരുദ്ധത പഠിപ്പിക്കണ്ടെന്നും റിജില്‍ മാക്കുറ്റി കീട്ടിച്ചേര്‍ത്തു.

അതേസമയം, വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് മതനിരപേക്ഷതയുടെ പക്ഷത്താണോ, മൃദു ഹിന്ദുത്വ വര്‍ഗീയതയുടെ പക്ഷത്താണോ എന്ന് വ്യക്തമാക്കണമെന്ന് എ.എ. റഹീം ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Youth Congress leader Rijal Makutty criticize dyfi National President A.A.Rahim