| Thursday, 3rd June 2021, 4:28 pm

'രാജ്യദ്രോഹി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം': യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അനധികൃത സാമ്പത്തിക ഇടപാടിന്റെ പേരില്‍ കുറ്റാരോപിതനായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. രാജ്യദ്രോഹി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സുരേന്ദ്രന്റെ ഒരു ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. കെ. സുരേന്ദ്രനെതിരെ ഇങ്ങിനെ ഒരു പോസ്റ്റ് ഇട്ട റിജിലിന് ഒരായിരം അഭിനന്ദനം എന്നാണ് ഒരു കമന്റ്.

‘മാക്കുറ്റി, ഇത് സുരേന്ദ്രനാണ്. അല്ലാതെ അബ്ദുള്ളയോ, മമ്മദോ, പോക്കറോ അല്ല. പേര് കൊണ്ടു രാജ്യസ്നേഹിയായ സുരേന്ദ്രനാണ്,’ ഇങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

അതേസമയം, കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിക്ക് കുരുക്ക് മുറുകുകയാണ്. കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്. ഇവരെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.

അതിനിടെ, കെ. സുരേന്ദ്രന്‍ ജെ.ആര്‍.പി നേതാവ് സി. കെ. ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്ന് ജെ.ആര്‍.പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബു ബി.സി പറഞ്ഞു. വയനാട്ടില്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ദിവസമാണ് പണം കൈമാറിയതെന്നും ബാബു പറയുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് ബത്തേരിയില്‍ വെച്ച് നിരവധി തവണ പണമിടപാടുകള്‍ നടന്നുവെന്നും എന്‍.ഡി.എയില്‍ ചേര്‍ന്നപ്പോള്‍ ജാനു പണം വാങ്ങിയെന്ന് അന്ന് തന്നെ പാര്‍ട്ടി ഭാരവാഹികള്‍ക്ക് അറിയാമായിരുന്നുവെന്നും ബാബു പറഞ്ഞു.
തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെച്ചതെന്നും അതുവരെയുള്ള പ്രചരണത്തില്‍ ജാനുവിനൊപ്പം താനുണ്ടായിരുന്നുവെന്നും ബാബു പറഞ്ഞു. ഇതെല്ലാം പറയാന്‍ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും അതുകൊണ്ടാണ് എല്ലാം തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സി. കെ ജാനുവിന് കെ. സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് കെ. സുരേന്ദ്രന്‍ നല്‍കിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീതയായിരുന്നു വെളിപ്പെടുത്തിയത്.

പിന്നാലെ പ്രതികരണവുമായി സി. കെ ജാനു രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും പാര്‍ട്ടി പിടിച്ചടക്കാനുള്ള നടപടിയാണിതെന്നുമാണ് സി. കെ ജാനു പറഞ്ഞത്.

അതിനിടെ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

സി.കെ ജാനു അവരുടെ ആവശ്യത്തിനായി പണം ചോദിച്ചിട്ടില്ലെന്നും ബി.ജെ.പിയെ ആക്രമിക്കാമെന്നും എന്നാല്‍ ജാനുവിനെ ആക്ഷേപിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആദിവാസി നേതാവായത് കൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlights: Youth Congress leader Rijal Chandran Makutty slammed k Surendran

We use cookies to give you the best possible experience. Learn more