തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം മാറുന്നതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍. ഇന്നോവ മാറുവാന്‍ തീരുമാനിച്ച മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണം ആഭ്യന്തര മന്ത്രിയുടെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വണ്ടിയുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ ഇന്നോവ മാറുവാന്‍ തീരുമാനിച്ച മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണം,
ആഭ്യന്തര മന്ത്രിയുടെ കാര്യത്തില്‍ കൂടി കാണിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും ഇനി മുതല്‍ കറുത്ത ഇന്നോവകളായിരിക്കും. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശിപാര്‍ശയിലാണ് ഈ നിറം മാറ്റം. ഇതിനായി നാല് പുതിയ ഇന്നോവകള്‍ പൊലീസ് വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാറുകള്‍ വാങ്ങാന്‍ പൊലീസിന് സ്‌പെഷ്യല്‍ ഫണ്ട് അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പൈലറ്റും എസ്‌കോര്‍ട്ടുമായി പോകാനാണ് നാല് പുതിയ കാറുകള്‍ വാങ്ങിയത്.
കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനായി സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു.
പുതിയ കാറുകള്‍ വരുമ്പോള്‍ നിലവില്‍ ഉപയോഗിക്കുന്നവയില്‍ രണ്ട് കാറുകള്‍ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ കാറുകള്‍ മാറ്റണം എന്നായിരുന്നു സര്‍ക്കാരിനോട് പൊലീസ് മേധാവിയുടെ ശിപാര്‍ശ.
ഈ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. കെ.എല്‍ 01 സിഡി 4764, കെ.എല്‍ 01 സി.ഡി 4857 എന്നീ രജിസ്‌ട്രേഷന്‍ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്.
നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണിവ. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Youth Congress leader Rahul Mankuttam mocks Chief Minister Pinarayi Vijayan’s change of vehicle