കാനത്തിന് പിണറായിപ്പേടി; എ.ഐ.എസ്.എഫുകാരിയെ എസ്.എഫ്.ഐക്കാര്‍ പരസ്യമായി കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ടും ഒറ്റവരി പ്രസ്താവന പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala News
കാനത്തിന് പിണറായിപ്പേടി; എ.ഐ.എസ്.എഫുകാരിയെ എസ്.എഫ്.ഐക്കാര്‍ പരസ്യമായി കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ടും ഒറ്റവരി പ്രസ്താവന പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2021, 1:12 pm

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പിണറായിപ്പേടിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
എ.ഐ.എസ്.എഫുകാരെ സ്വന്തം മുന്നണിയില്‍പ്പെട്ട എസ്.എഫ്.ഐക്കാര്‍ ഇത്ര ക്രൂരമായി അക്രമിക്കുന്നത് കണ്ടിട്ടും, ഒരു പെണ്‍കുട്ടിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ടും ഒരു ഒറ്റവരി പ്രസ്താവനെയെങ്കിലും ഇറക്കാമായിരുന്നെന്ന് രാഹുല്‍ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കാനത്തിന്റെ പിണറായിപ്പേടി മനസിലാക്കാമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിനെയും പേടിക്കണോ എന്നും അദ്ദേഹം പരിഹസിച്ചു.

‘വെളിയത്ത് നിന്ന് കാനത്തേക്ക് നൂറില്‍ താഴെ കിലോമീറ്റര്‍ വ്യത്യാസമേയൊള്ളു,
പക്ഷേ ഭാര്‍ഗവനില്‍ നിന്ന് രാജേന്ദ്രനിലേക്ക് പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് ‘പിണറായി സെക്രട്ടറിയിലേക്കുള്ള’ ഒരുപാട് ദൂരമുണ്ട്.
സി.പി.ഐ എന്തോ തങ്കപ്പെട്ട പ്രസ്ഥാനമാണെന്നോ, അതിന്റെ പഴയകാല നേതാക്കളൊക്കെ ആദര്‍ശത്തില്‍ മാത്രം ജീവിച്ചവരാണെന്നോ ഉള്ള അഭിപ്രായം ഒന്നും എനിക്കില്ല.

എങ്കിലും കാനമല്ലാതെ വെളിയമോ, ഈഗയോ ഒക്കെ ആയിരുന്നെങ്കില്‍ ആ എ.ഐ.എസ്.എഫുകാരെ സ്വന്തം മുന്നണിയില്‍പ്പെട്ട എസ്.എഫ്.ഐക്കാര്‍ ഇത്ര ക്രൂരമായി അക്രമിക്കുന്നത് കണ്ടിട്ടും, ഒരു പെണ്‍കുട്ടിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ടും ഒരു ഒറ്റവരി പ്രസ്താവനെയെങ്കിലും ഇറക്കുമായിരുന്നു. കാനത്തിന്റെ പിണറായിപ്പേടി മനസിലാക്കാം, സച്ചിന്‍ ദേവിനെയും പേടിക്കണോ? ഇങ്ങനെ പേടിക്കാതെന്നെ!,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

എം.ജി. യൂണിവേഴ്സിറ്റിയില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.

സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനാണ് തങ്ങളെ ആക്രമിച്ചതെന്ന് കോട്ടയം എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷാജോ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചതാണ്. സെനറ്റിലേക്കും എതിരില്ലാതെ ജയിക്കും എന്ന് പ്രതീക്ഷിച്ചപ്പോഴാണ് എ.ഐ.എസ്.എഫ് മത്സരരംഗത്തേക്ക് വന്നതെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നും ഷാജോ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Youth Congress leader Rahul Mankoottam said that CPI state secretary Kanam Rajendran was scared of Pinarayi