ബേസില്‍ ജോസഫ് നായക വേഷത്തിലെത്തിയ പാല്‍തു ജാന്‍വര്‍ എന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നവാഗതനായ സംഗീത് പി. രാജന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് സിനിമ. മൃഗങ്ങളുടെയും മനുഷ്യരുടെയും ഇഴചേര്‍ന്ന ജീവിതത്തിന്റെ കഥ പറഞ്ഞ സിനമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു കുഞ്ഞു നല്ല സിനിമയാണ് പാല്‍തു ജാന്‍വറെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. സ്‌പോയിലര്‍ അലര്‍ട്ടാണെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് പുങ്കുവെച്ചത്.
ഓണക്കാലം സിനിമാക്കാലം കൂടിയാണ്. ആ ‘സിനിമാ പാച്ചിലില്‍’ ആദ്യം കണ്ടത് പാല്‍തു ജാന്‍വറാണ്. ബേസില്‍ ജോസഫില്‍ നിന്ന് നേരെത്ത അറിഞ്ഞ ചിത്രമെന്ന ബയാസ് കൊണ്ട് കൂടിയാണ് ആദ്യം പാല്‍തു കണ്ടത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു കുഞ്ഞു നല്ല സിനിമ.
ആദ്യമെ പറയാം ജാന്‍ എ മന്‍ പോലെയുള്ള ബേസിലിന്റെ തമാശകളും, ഫണ്‍ മൊമന്റ്‌സും കാണാമെന്ന് കരുതി തിയേറ്ററില്‍ പോകരുത്. തമാശയൊക്കെ ഷമ്മി തിലകന്റെ ‘പൊടിക്ക് എനര്‍ജി’ കൂടുതലുള്ള ഡോ. സുനില്‍ ഐസക്കും, ഇന്ദ്രന്‍സിന്റെ ‘പൊടിക്ക് സോഡിയം’ കുറവുള്ള വാര്‍ഡ് മെമ്പര്‍ കൊച്ചും പറയും.
ആരെയും കെയര്‍ കൊണ്ട് കൈകാര്യം ചെയ്യുന്ന പഞ്ചായത്ത് മെമ്പര്‍ കൈയ്യടി വാരിക്കൂട്ടുന്നുണ്ട്. ‘ബ്യൂറോക്രസി നിന്നെ കൈവിട്ടാലും ഡമോക്രസി നിന്റെ കൂടെയുണ്ട്’ എന്ന ഡയലോഗ് ഒക്കെ രസം തന്നെയാണ്.
ഷോര്‍ട്ട് ഫിലിം സംവിധായകനില്‍ നിന്ന് സക്‌സസ് ഫുള്‍ കൊമേഴ്ഷ്യല്‍ സംവിധായകനിലേക്കും അവിടെ നിന്ന് പ്രത്യേകതരം ചിരിയോടെ തമാശ പറയുന്ന ഹാസ്യനടനിലേക്കും അവിടെ നിന്ന് പാല്‍തു ജാന്‍വറിലെ ഗൗരവതരമായ നായകനിലേക്കും ഒക്കെയുള്ള ബേസിലിന്റെ വളര്‍ച്ച സന്തോഷം നല്കുന്നതാണെന്നും രാഹുല്‍ പറഞ്ഞു.
ഈ കാലത്തെ ഒരു ചെറുപ്പക്കാരന്റെ എല്ലാവിധ ഭാവങ്ങളും ‘ഞാന്‍ ഭയങ്കരമായി അഭിനയിക്കുകയാണെ’ എന്ന് വിളിച്ചു പറയാതെ ലളിതമായും, മനോഹരമായും ചെയ്തു.
സിനിമയിലേക്ക് വന്നാല്‍ അനിമേഷന്‍ ആണ് പാഷന്‍ എന്ന് കരുതി ആ മേഖലയില്‍ ചില്ലറ ഇന്‍വസ്റ്റ്‌മെന്റ് ഒക്കെ നടത്തി പൊട്ടിപ്പാളീസായി, അച്ഛന്‍ മരിച്ച ഒഴിവില്‍ കുടിയാന്‍മല എന്ന മലയോര ഗ്രാമത്തില്‍ ലൈവ് സ്റ്റോക്ക് ഇസ്പക്ട്‌റായി ബേസിന്റെ പ്രസൂണ്‍ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.
പാഷന്‍ വേണോ റേഷന്‍ വേണോ എന്ന ചോദ്യത്തെ ആത്മസംഘര്‍മായി നേരിട്ട മുഴുവനാളുകള്‍ക്കും കണക്റ്റഡാകുന്ന മൊമന്റ്‌സുണ്ട് ചിത്രത്തില്‍. ഒടുവില്‍ ‘എന്റെ വാവയ്ക്ക് അതിനുളള കഴിവില്ല, വിട്ടുകള ‘ എന്ന് പറയുമ്പോള്‍ ജോലിയിലേക്ക് തിരികെ പോകുന്ന പ്രസൂണ്‍ പിന്നീട് നേരിടുന്ന പ്രശ്‌നങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
താല്‍പര്യമോ അഭിരുചിയോ ഇല്ലാത്ത തൊഴില്‍മേഖലയിലെത്തിയ പ്രസൂണ്‍ ഒരു ഡി.വൈ.എസ്.പിയുടെ മരണത്തിനുത്തരവാദിയാകുന്നതിലൂടെ സിനിമ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു.
ജോണി ആന്റണിയുടെ ഡേവിസ് ചേട്ടനും മോളികുട്ടിയും സിനിമയുടെ റിയലിസ്റ്റിക്ക് കാമ്പ് തന്നെയാണ്. മോളിക്കുട്ടിയോടുള്ള ഡേവിസ് ചേട്ടന്റെ കരുതല്‍ കണ്ടപ്പോള്‍ നന്ദിനി എന്ന ഞങ്ങളുടെ വീട്ടിലെ പശുവിന്റെ പ്രസവം അടുക്കുമ്പോള്‍ അമ്മയും അമ്മൂമ്മയും ഒക്കെ ഉറക്കമില്ലാതെ കാവലിരിക്കുന്നതും, അവരോടൊപ്പം കൗതുകത്തോടെ കാത്തിരിക്കുന്നതും ഒക്കെ പെട്ടെന്ന് മനസിലേക്ക് കടന്നുവന്നു.
പ്രസൂണിന്റെ പ്രശ്‌നങ്ങള്‍ക്ക് ഫോണിന്റെ മറുതലയ്ക്കല്‍ പരിഹാരവുമായെത്തുന്ന ശ്രുതി സുരേഷിന്റെ സ്റ്റെഫിയും, ശാസ്ത്രമല്ല ബ്ലാക്ക് മാജിക്കാണ് പ്രശ്‌നങ്ങളുടെ പരിഹാരമെന്ന് പറയുന്ന ദിലീഷ് പോത്തന്റെ പള്ളിയിലച്ഛന്റെ കഥാപാത്രവും ഉള്‍പ്പെടെ ഒറ്റ സീനില്‍ മിന്നി മാഞ്ഞു പോയ കഥാപാത്രങ്ങള്‍ കാസ്റ്റിങ്ങ് പെര്‍ഫക്ഷന്റെ ഉദാഹരണമാണെന്നും രാഹുല്‍ പറയുന്നു.
‘പൊന്തി നില്‍ക്കാതെ സിനിമക്ക് ചേരുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോറും പ്രകൃതി ഭംഗിയെ പരമാവധി ഉപയോഗിച്ച ആമ്പിയന്‍സും ഇഷ്ടം തോന്നുന്ന മൃഗകഥാപാത്രങ്ങളും എല്ലാം സിനിമയുടെ മാറ്റ് കൂട്ടുന്നു.
കാഴ്ചക്കാരനു സമ്മര്‍ദമേകാതെ നമ്മളെ കൂടി കുടിയാന്‍മലയിലെ ഒരു ഗ്രാമ നിവാസിയായി കൂടെ കൂട്ടി കഥ മുന്നോട്ട് കൊണ്ട് പോയ സംവിധായകന്‍ സംഗീത് പി. രാജനും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍,’ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് പാല്‍തു ജാന്‍വര്‍ നിര്‍മിച്ചത്. ജോണി ആന്റണി, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.
CONTENT HIGHLIGHTS: Youth Congress leader rahul mangutahill about basil joseph and paltu janwar movie