| Monday, 31st October 2022, 8:31 pm

ബോഡി ഷെയ്മിങ്ങോ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ കോപ്രായം കാട്ടലോ ഇല്ലാതെ കോമഡി ചെയ്യാമെന്ന് തെളിയിച്ചിരിക്കുന്നു; ജയ ജയ ജയ ജയഹേക്ക് അഭിനന്ദനങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തെ അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ബോഡി ഷെയ്മിങ്ങോ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ലാതെ ആയാസ രഹിതമായി കോമഡി അവതരിപ്പിക്കാനാകുമെന്ന് സംവിധായകന്‍ വിപിന്‍ ദാസും അണിയറപ്രവര്‍ത്തകരും തെളിയിച്ചെന്ന് രാഹുല്‍ പറഞ്ഞു.

ബേസിലും ദര്‍ശനയും മലയാള സിനിമയില്‍ ഏറെക്കാലം നിലനില്‍ക്കുന്ന അഭിനേതാക്കളാകുമെന്നും നര്‍മത്തിലൂടെ തീവ്രമായ ജന്റര്‍ പൊളിട്ടിക്ക്‌സ് പറയുന്ന നല്ല സിനിമയാണ് ജയ ജയ ജയ ജയഹേയെന്നും രാഹുല്‍ കുറിച്ചു.

‘ശരീരത്തിന്റെ നിറം, തൂക്കം, ഉയരം തുടങ്ങിയ സ്‌കെയിലിലൂടെയുള്ള ബോഡി ഷെയ്മിങ്ങില്ലാത, വാക്കുകൊണ്ടോ നോട്ടം കൊണ്ടോ ആംഗ്യം കൊണ്ടോ ഉള്ള അശ്ലീലം കലര്‍ന്ന ദ്വയാര്‍ത്ഥങ്ങളോ വ്യംഗ്യാര്‍ത്ഥങ്ങളോയില്ലാതെ, തെറിവിളി, അധിക്ഷേപം, ചൊറിച്ചുമല്ലുകള്‍ തുടങ്ങിയ സ്ഥിരം പാറ്റേണില്ലാതെ, ശരീരം കൊണ്ടുള്ള അഭ്യാസങ്ങളും കാട്ടിക്കൂട്ടലും കോപ്രായം കാട്ടലും ഏച്ചുകെട്ടലും കൊണ്ട് പൊറുതിമുട്ടിക്കാതെ, പ്രേക്ഷകരെ കഷ്ടപ്പെടുത്താതെ, വളരെ ആയാസ രഹിതമായി കോമഡി സിനിമ ചെയ്യാമെന്നും, ആ കോമഡി സീക്വന്‍സ് കണ്ടാല്‍ തിയേറ്ററാകെ ചിരിച്ചുമറിയുമെന്നും തെളിയിച്ച വിപിന്‍ദാസിനും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി.

ജയഭാരതിയും രാജേഷും തൊട്ട് ഒറ്റ സീനില്‍ ഫ്രെയിമില്‍ കൂടി നടന്നുപോയ താത്ത വരെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ബേസിലും ദര്‍ശനയും മലയാള സിനിമയില്‍ ഏറെക്കാലം നിലനില്‍ക്കുന്ന അഭിനേതാക്കളാകും. നര്‍മത്തിലൂടെ തീവ്രമായ ജന്റര്‍ പൊളിട്ടിക്ക്‌സ് പറയുന്ന നല്ല സിനിമ. ബാക്കിയൊക്കെ കണ്ടറിയു. ജയ ജയ ജയ ജയഹേ,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ ഈ മാസം 28ന് ആണ് ചിത്രം റിലീസ് ചെയ്തത്.
റിലീസ് ദിനം മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. വീടിനകത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ഡൊമസ്റ്റിക് വയലേഷനും വിവേചനങ്ങളും തുറന്ന് കാണിച്ച് ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍, നോബി മാര്‍ക്കോസ്, ശരത് സഭ, ആനന്ദ് മന്മഥന്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണിത്.

Content Highlight: Youth Congress leader Rahul in Mamkoottathil appreciats the film Jaya Jaya Jayahey

We use cookies to give you the best possible experience. Learn more