തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനായി രാവിലെ ശബരിനാഥ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. ഇതിന് മുമ്പ് അദ്ദേഹം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യം തേടുകയും ചെയ്തിരുന്നു. ഈ ജാമ്യ ഹരജി പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകനാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്.
ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ തിരുവനന്തപുരം സെഷന്‍സ് കോടതി അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഗൂഢാലോചന ആരംഭിക്കുന്നത് ശബരിനാഥില്‍ നിന്നാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കാനുള്ള നിര്‍ദേശം നല്‍കിയത് ശബരിനാഥാണെന്ന തെളിവ് പൊലീസിന് ലഭിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച് ശബരിനാഥ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കയച്ച വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
‘സി.എം കണ്ണൂര്‍- തിരുവനന്തപുരം വിമാനത്തില്‍ വരുന്നുണ്ട്. രണ്ട് പേര്‍ വിമാനത്തില്‍ നിന്ന് കരിങ്കൊടി കാണിച്ചാല്‍…… വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ലല്ലോ,’ എന്നാണ് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ ശബരിനാഥ് സന്ദേശമയച്ചത്.
എന്നാല്‍, ഇത്തരം നിര്‍ദേശം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ശബരിനാഥ് തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
CONTENT HIGHLIGHTS: Youth Congress leader K.S. Sabrinath's Arest Recorded