കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഫ്‌ളക്‌സില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡി.സി.സി ഓഫീസ് സെക്രട്ടറി മര്‍ദ്ദിച്ചു.
ഉമ്മന്‍ചാണ്ടി അനുയായിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ മനു കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഡി.സി.സി ഓഫീസ് സെക്രട്ടറിയായ ലിബിന്‍ ഐസക്കാണ് മനുകുമാറിനെ മര്‍ദ്ദിച്ചത്. കല്ലുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പുറത്ത് ഇടിച്ചുവെന്നും പരാതിയുണ്ട്.
ബഫര്‍സോണ്‍ വിവാദത്തില്‍ കോണ്‍ഗ്രസ് ജില്ലാ ഘടകം കോട്ടയത്ത് നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഫ്‌ളക്‌സില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതാണ് കയ്യാങ്കളിയില്‍ കാലശിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ മനുകുമാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉമ്മന്‍ചാണ്ടിയുടെ ചിത്രം കോട്ടയത്തെ പരിപാടിയില്‍ ഒഴിവാക്കിയത് ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയെന്ന ആരോപണമാണ് എ ഗ്രൂപ്പിനുള്ളത്. ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ഉമ്മന്‍ചാണ്ടിയുടെ ചിത്രം എന്തുകൊണ്ട് പ്രതിഷേധ പരിപാടിയുടെ ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയില്ലായെന്നും മനുകുമാര്‍ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലെത്തിയത്.
അതേസമയം, കെ.എസ്.യു പ്രവര്‍ത്തകന് നേരെ വധഭീഷണി മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി വിനീഷ് കരിമ്പാറയെയാണ് പുറത്താക്കിയത്.
വിനീഷിന്റെ ഭീഷണിയെ തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് പ്രവര്‍ത്തകനായ രഞ്ജിത്ത് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും, കെ.പി.സി.സി പ്രസിഡന്റിനും, പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിനീഷ് കരിമ്പാറക്കെതിരായ സംസ്ഥാന കമ്മിറ്റിയുടെ നടപടി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വധഭീഷണി മുഴക്കുന്ന ശബ്ദസന്ദേശമുള്‍പ്പെടെയാണ് കെ.എസ്.യു പ്രവര്‍ത്തകന്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയത്.
കെ.എസ്.യു ജില്ലാ കമ്മിറ്റി യോഗത്തിനിടെ യോഗത്തിനിടെ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതൃത്വം ഗ്രൂപ്പ് തിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജിലെ യൂണിറ്റ് അംഗം കൂടിയായ കെ.എസ്.യു പ്രവര്‍ത്തകന്‍ വിമര്‍ശിക്കുകയായിരുന്നു. ഇതാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനീഷ് കരിമ്പാറയെ ചൊടിപ്പിച്ചത്.
ഇതിനെത്തുടര്‍ന്ന് തങ്ങളുടെ ഗ്രൂപ്പിലുള്ള കെ.എസ്.യു ജില്ലാ ഭാരവാഹികളെ വിമര്‍ശിക്കരുതെന്നും, ഇനി വിമര്‍ശിച്ചാല്‍ വീട്ടില്‍ കയറി തല തല്ലിപൊളിക്കുമെന്ന് കെ.എസ്.യു ഭാരവാഹിയോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
എന്നാല്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ രഞ്ജിത്ത് ഭീഷണിയില്‍ പതറാതായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു.
Content Highlight: Youth Congress leader beaten by DCC Office secretary