| Sunday, 16th May 2021, 9:10 am

ഇത് ജീവനുകള്‍ രക്ഷിക്കേണ്ട സമയമാണ്, രാഷ്ട്രീയം നോക്കാനുള്ളതല്ല; യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് സംസാരിക്കുന്നു

അന്ന കീർത്തി ജോർജ്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെ ദല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത് വലിയ വിവാദങ്ങളയുര്‍ത്തിയിരുന്നു. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുകയായിരുന്നു.

അനധികൃതമായി കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ബി.വി ശ്രീനിവാസിനെതിരെ നേരത്തെ ദല്‍ഹി കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് എത്തിയത്.

ശ്രീനിവാസിനെ ചോദ്യം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലടക്കം ‘ഞാനാണ് സോഴ്‌സ്’ എന്ന പേരില്‍ ബി.വി ശ്രീനിവാസിനെ അനുകൂലിച്ചുകൊണ്ട് ഓണ്‍ലൈന്‍ ഫണ്ട് റൈസിംഗ് ക്യാംപെയ്‌നുകളും ആരംഭിച്ചിരുന്നു.

ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തെയും യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് ബി.വി ശ്രീനിവാസ്.

കൊവിഡ് കാലത്ത് താങ്കളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓക്‌സിജന്‍ സിലണ്ടര്‍ വിതരണം അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഇതേ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഉണ്ടായിരിക്കുകയാണ്. എങ്ങനെയാണ് ഈ അന്വേഷണത്തെ നോക്കി കാണുന്നത് ? കേസിനെ എങ്ങനെ നേരിടാനാണ് ഉദ്ദേശിക്കുന്നത് ?

ഞാനടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി പേര്‍ക്കെതിരെയായി ദല്‍ഹി ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാന്‍ വന്നത്. നിങ്ങള്‍ എങ്ങനെയാണ് ഈ സഹായ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുന്നതെന്നായിരുന്നു പൊലീസ് ചോദിച്ചത്. സാമ്പത്തിക സ്രോതസിനെ കുറിച്ചൊന്നും കാര്യമായ ചോദ്യങ്ങളുണ്ടായിരുന്നില്ല.

അവര്‍ ചോദിച്ചതിനെല്ലാം മറുപടി നല്‍കി. എഴുതിയും നല്‍കി. ഇന്നലത്തെ അന്വേഷത്തിന് ശേഷം ഇതുവരെ തുടര്‍ അന്വേഷണമോ മറ്റു നടപടികളോ ഒന്നും വന്നിട്ടില്ല. ഇതേ കുറിച്ചൊന്നും ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. ജനങ്ങളെ സഹായിക്കുക എന്നതിനെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. അത് ചെയ്തിരിക്കും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളുമാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സംഭാവന ചെയ്തിരിക്കുന്നത്. അക്കൗണ്ട് വിവരങ്ങള്‍ ഞങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നു. അതിലേക്കാണ് എല്ലാവരും സംഭാവന നല്‍കിയത്. ചിലര്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ നല്‍കി. ഇത്ര വലിയ യൂത്ത് ഓര്‍ഗനൈസേഷനല്ലേ, എത്രയോ അംഗങ്ങളുണ്ട്. പലരും രണ്ടും അഞ്ചും പത്തുമെല്ലാം സിലണ്ടറുകള്‍ വെച്ചു നല്‍കി. ഇതെല്ലാം ചേര്‍ത്തു വെച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കോളുകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. പരമാവധി എല്ലാവര്‍ക്കും സഹായമെത്തിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഇപ്പോള്‍ പൂര്‍ണ്ണ മനസ്സോടെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നും രാഷ്ട്രീയം നോക്കാന്‍ നില്‍ക്കരുതെന്നും രാഹുല്‍ ഗാന്ധി ഞങ്ങളോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതു തന്നെയാണ് ഞങ്ങള്‍ ചെയ്യുന്നതും.

ദല്‍ഹിയിലെ വിവിധ എംബസികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസാണ് ഓക്‌സിജന്‍ എത്തിച്ചുനല്‍കിയത്. ഇതിനെതിരെ കേന്ദ്ര മന്ത്രിമാരും ബി.ജെ.പിയും രംഗത്തുവന്നിരുന്നു. ഈ സംഭവമാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനോടുള്ളു പ്രതികരണം?

ഇത്തരം വിഷയങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. ജനങ്ങളെ സഹായിക്കേണ്ട സമയമാണിത്. നമുക്ക് ജീവനുകള്‍ രക്ഷിക്കാനുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒരു രാഷ്ട്രീയ വിഷയവും പറയാന്‍ ആഗ്രഹിക്കുന്നില്ല.

കൊവിഡ് കാലത്തെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ എങ്ങനെയാണ്? മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ കൂടി വന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

ആളുകള്‍ മരിച്ചു വീണുകൊണ്ടിരിക്കുന്നത് എനിക്ക് സഹിക്കാനാവുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെന്ന നിലയില്‍ ഇതെന്നെ വല്ലാതെ വേദനിപ്പിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി എക്കാലവും ജനങ്ങളെ സഹായിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ജില്ലാ കമ്മിറ്റിയിലെയും സംസ്ഥാന കമ്മിറ്റിയിലെയും ദേശീയ നേതൃത്വത്തിലെയും അങ്ങനെ എല്ലാ തലങ്ങളിലെയും പ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകാണ്.

മാര്‍ച്ച് 7ന് യൂത്ത് കോണ്‍ഗ്രസിന്റെ ഉന്നത തല യോഗം നടന്നിരുന്നു. അന്ന് പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ ശ്രദ്ധിക്കുകയുള്ളൂവെന്ന് യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അത്തരത്തില്‍ വേണം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനെന്ന് രാഹുല്‍ ഗാന്ധി വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു.

ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. റേഷന്‍, ഭക്ഷ്യ വസ്തുക്കള്‍, സാനിറ്റൈസര്‍, മാസ്‌ക്, ഹോം ഐസോലേഷന്‍ കിറ്റ് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വിതരണവും ഒപ്പം ആംബുലന്‍സ് സര്‍വീസും ഓരോ സംസ്ഥാനങ്ങളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേത്വത്തില്‍ നടത്തിവരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Youth Congress leader B V Srinivas talks about the Crime Branch investigation and Covid relief works

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more