| Saturday, 26th November 2016, 5:52 pm

പ്രതിപക്ഷ നേതാവ് സ്ഥാനം കാനത്തിനു നല്‍കി പിണറായി മന്ത്രിസഭയില്‍ ആഭ്യന്തരപ്പണി ചെയ്യുക; ഏറ്റുമുട്ടല്‍ കൊലയെ ന്യായീകരിച്ച ചെന്നിത്തലയോട് യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്ങേയ്ക്ക് ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്. ആ പ്രതിപക്ഷനേതാവിന്റെ തൊപ്പി കാനം രാജേന്ദ്രന്‍ സഖാവിനു കൊടുക്കുക. അങ്ങേയ്ക്ക് ചേരുന്ന പണി അപ്പുറത്ത് ഉണ്ട്. പിണറായി വിജയന്റെ ആഭ്യന്തര മന്ത്രി.


തൃശൂര്‍: നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് തോന്നുന്നില്ലെന്നും വിഷയത്തില്‍ സി.പി.ഐ നിലപാട് പക്വതയുള്ളതല്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ പിന്തുണച്ച രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് വി.ആര്‍. എ.ഐ.സി.സി പഠനവിഭാഗമായ രാജീവ് ഗാന്ധി സ്റ്റഡിസര്‍ക്കിളിന്റെ കേരളത്തിലെ ചുമതല വഹിക്കുന്നയാളാണ് അനൂപ്.

ഒരു ജനതയ്ക്ക് അവരര്‍ഹിക്കുന്ന ഭരണകൂടത്തെ മാത്രമല്ല പ്രതിപക്ഷത്തേയും ലഭിക്കും. അതുകൊണ്ട് തന്നെ സര്‍ അങ്ങയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അങ്ങേയ്ക്ക് ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്. ആ പ്രതിപക്ഷനേതാവിന്റെ തൊപ്പി കാനം രാജേന്ദ്രന്‍ സഖാവിനു കൊടുക്കുക. അങ്ങേയ്ക്ക് ചേരുന്ന പണി അപ്പുറത്ത് ഉണ്ട്. പിണറായി വിജയന്റെ ആഭ്യന്തര മന്ത്രി. അതില്‍ അങ്ങ് ശോഭിക്കും അനൂപ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

കരുളായി വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ ആണെന്നു കരുതുന്നില്ല. ഇതു സംബന്ധിച്ച സി.പി.ഐ നിലപാട് അപക്വമാണ്. മാവോയിസ്റ്റുകള്‍ പലപ്പോഴും പൊലീസിനു നേരെ വെടിയുതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്തണമെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. അതിനാല്‍ തന്നെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനു വേണ്ടി അന്വേഷണം നടത്തണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
അനൂപിന്റെ പോസ്റ്റിനെ പിന്തുണച്ച് കമന്റുകളും വരുന്നുണ്ട്. ഇദ്ദേഹം ആഭ്യന്തരം കൈകാര്യം ചെയ്തപ്പോ ഓപ്പറേഷന്‍ കുബേരയല്ലാതെ എടുത്തു പറയത്തക്ക രീതിയിലുള്ള ഒരു കോപ്പും ചെയ്തിട്ടില്ല. പിന്നെ ഒരു പ്രതിപക്ഷ നേതാവിനു വേണ്ട ഒരു പിണ്ണാക്കും ഇയാള്‍ക്കില്ല താനും…ന്നാ പിന്നെ ആരേലും എന്തേലും പറഞ്ഞാ അവിടെ മിണ്ടായിരുന്നാ പോരേ ഇങ്ങേര്‍ക്ക്. മനുഷ്യനെ നാറ്റിക്കാന്‍ ഓരോരോ അവതാരങ്ങള്‍, എന്നാണ് പോസ്റ്റിനു താഴെയുള്ള ഒരു കമന്റ്.

എന്നാല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്തെത്തിയിരുന്നു. ഇതുവരെ വിശ്വസനീയമായ വീശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് വിപരീതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്.

ഏറ്റുമുട്ടലിനെതിരെ നിലപാടെടുത്ത് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമും രംഗത്തുവന്നിരുന്നു. എന്‍കൗണ്ടര്‍ കില്ലിംഗുകളുടെ, അത് വ്യാജമായാലും അല്ലെങ്കിലും, നാടായി കേരളം മാറുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ബല്‍റാം അഭിപ്രായപ്പെട്ടിരുന്നു. ഒറ്റയടിക്ക് കൊന്നുകളയേണ്ട ഒരു കുറ്റമല്ല ഒരാള്‍ മാവോയിസ്റ്റാവുക എന്നത്. അവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ കുറ്റകരമായ ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്തിമമായി പറയേണ്ടതും അതനുസരിച്ചുള്ള ശിക്ഷ വിധിക്കേണ്ടതും കോടതികളാണ്. മറിച്ച് ബോധ്യപ്പെടാത്തിടത്തോളം ഇത് ഭരണകൂടത്തിന്റെ നേതൃത്ത്വത്തിലുള്ള കൊലപാതകമായിത്തന്നെ കാണേണ്ടിവരും. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്നത് ഇന്നത്തെ ഭരണക്കാര്‍ക്ക് ഭരണകൂട ഭീകരത അഴിച്ചുവിടാനുള്ള നീതീകരണമാവുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിത്തം ഏറ്റേ മതിയാകൂവെന്നും ഗുജറാത്താവരുത് കേരളത്തിന്റെ മാതൃകയെന്നും ബല്‍റാം ചൂണ്ടിക്കാണിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് രംഗത്തെത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more