കിസ് ഓഫ് ലവ് വളണ്ടിയേഴ്‌സിനെ തടഞ്ഞത് യൂത്ത് കോണ്‍ഗ്രസുകാരെന്ന് തെളിഞ്ഞു
Daily News
കിസ് ഓഫ് ലവ് വളണ്ടിയേഴ്‌സിനെ തടഞ്ഞത് യൂത്ത് കോണ്‍ഗ്രസുകാരെന്ന് തെളിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 30, 05:28 am
Thursday, 30th October 2014, 10:58 am

കൊച്ചി: നവംബര്‍ 2ന് നടത്താനിരിക്കുന്ന ചുംബന സമരത്തെക്കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞദിവസം മറൈന്‍ ഡ്രൈവിലെത്തിയ കിസ് ഓഫ് ലവ് വളണ്ടിയര്‍മാരെ കയ്യേറ്റം ചെയ്തത് യൂത്ത് കോണ്‍ഗ്രസുകാരാണെന്ന് തെളിഞ്ഞു. പ്ലക്കാഡുമായെത്തിയ വളണ്ടിയര്‍മാരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അബു താഹിറിന്റെ നേതൃത്വത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നായിരുന്നു കയ്യേറ്റം ചെയ്തത്.

യൂത്ത് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ അബു താഹിര്‍ പങ്കെടുക്കാനെത്തിയതോടെയാണ് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് ഉറപ്പായത്. നേരത്തെ വളണ്ടിയര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് അബു താഹിര്‍ പറഞ്ഞിരുന്നു.

ചുംബന സമരത്തിന്റെ പ്രചരണാര്‍ത്ഥം ഡമോ ചിത്രീകരണത്തിന് പദ്ധതിയിട്ട് സ്വകാര്യ ചാനലുമൊന്നിച്ചെത്തിയ വളണ്ടിയര്‍മാരെയാണ് മറൈന്‍ ഡ്രൈവില്‍ കയ്യേറ്റം ചെയ്തത്. സ്റ്റോപ്പ് മോറല്‍ പോലീസിങ്, ഫ്രീഡം ടു ലവ് എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. പ്ലക്കാര്‍ഡുകള്‍ പിടിച്ചെത്തിയ സംഘാടകരെയും ചാനലുകാരെയും കണ്ടതോടെ ജനം തടിച്ചുകൂടി. ചുംബന കൂട്ടായ്മയുടെ സംഘാടകരാണെന്നറിഞ്ഞതോടെ അബു താഹിറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നു.

സംഘാടകരുടെ കയ്യിലുണ്ടായിരുന്ന പ്ലക്കാര്‍ഡുകള്‍ ഇവര്‍ വലിച്ചുകീറി. ഇതിനിടെ കണ്ടുനിന്നവരില്‍ ഒരാള്‍ വളണ്ടിയറായ രശ്മിയോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചതോടെ വാക്ക് തര്‍ക്കവും ശക്തമാവുകയായിരുന്നു. രശ്മി ആര്‍. നായര്‍, ജിജോ കുര്യാക്കോസ്, രാഹുല്‍ പശുപാലന്‍, അമല്‍ദേവ്, അര്‍ഫാന്‍, പ്രശാന്ത്, ടോണി എന്നീ വളര്‍മാര്‍ക്കെതിരെയാണ് കയ്യേറ്റശ്രമമുണ്ടായത്.

അതിനിടെ നവംബര്‍ 2 ന് നടത്താനിരിക്കുന്ന ചുംബന സമരത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അന്നേദിവസം അക്രമമുണ്ടാവുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് പോലീസ് വിശദീകരണം.