| Friday, 2nd July 2021, 2:20 pm

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരവുമായി യൂത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഇന്ധന- പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരവുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു സമരം.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയാണ് സമരം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കാളവണ്ടിയില്‍ കെട്ടിയാണ് സമരം നടത്തിയത്.

കേന്ദ്ര സര്‍ക്കാരിന്‍രെ ക്രൂരമായ മനോഭാവമാണ് ഇന്ധനവില വര്‍ധനയോടെ വ്യക്തമാകുന്നതെന്നും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കൊള്ളയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘ഇത് വിലയുടെ പേരിലുളള കൊള്ളയല്ല മറിച്ച് നികുതി ഭീകരതയാണ്. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തെറ്റിധരിപ്പിച്ച് മനുഷ്യത്വം പ്രകടിപ്പിക്കാത്ത മുഖമായി മാറിയിരിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി,’ അദ്ദേഹം പറഞ്ഞു.

45 രൂപ വരുന്ന ഇന്ധനത്തിന് 55 രൂപ നികുതി എന്നത് കൊള്ളയും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. പ്രതിസന്ധിയുടെ കാലത്ത് നികുതിയുടെ പേരില്‍ ജനങ്ങളെ വലക്കുകയാണ് സര്‍ക്കാര്‍. കോണ്‍ഗ്രസ് കാലത്ത് 9 രൂപ 46 പൈസയായിരുന്നു ടാക്‌സ്. നികുതി കുറച്ച് അധികവരുമാനം ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നില്ല. ഇത് ഖേദകരവും ദയനീയവുമാണെന്ന് ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ന് പെട്രോള്‍ വില ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ ഇന്ധന വില പെട്രോള്‍ ലിറ്ററിന് 99 രൂപ 26 പൈസയും ഡീസലിന് 94 രൂപ 97 പൈസയുമായി.

രാജ്യത്ത് പലയിടത്തും പെട്രോള്‍ വില നൂറും കടന്ന് മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത് പതിനേഴ് തവണയാണ്. കഴിഞ്ഞ മെയ് നാല് മുതല്‍ വില കൂട്ടിയത് 33 തവണയാണ്.

പാചക വാതക വിലയും കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 80 രൂപ കൂട്ടിയിട്ടുണ്ട്. ഇവയുടെ വില 1550 രൂപയായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGGHLIGHTS: Youth Congress joins bullock cart strike to protest fuel price hike

We use cookies to give you the best possible experience. Learn more