| Tuesday, 5th May 2020, 10:21 pm

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി സ്ഥാപനങ്ങള്‍ അടച്ചൂപൂട്ടണമെന്ന് പരാതി; പാല്‍ഘര്‍ കേസില്‍ ചട്ടലംഘനം നടത്തിയെന്ന് യൂത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ടി.വി, റിപ്പബ്ലിക് ടി.വി ഭാരത്, ഇവയുടെ മാതൃകമ്പനിയായ എ.ആര്‍.ജി ഔട്ട്‌ലിയര്‍ മീഡിയ എന്നിവയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഫെബ്രുവരി 25ന് പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് ഈ സ്ഥാനപങ്ങള്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 16ന് പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ച് ഏപ്രില്‍ 21ന് റിപ്പബ്ലിക് ടി.വിയില്‍ നടന്ന പുച്ഛ ഭാരത് എന്ന ഷോ വര്‍ഗീയത സ്വഭാവം നിറഞ്ഞതായിരുന്നുവെന്നും അവാസ്തവമായ കാര്യങ്ങളാണ് ഷോയിലുണ്ടായിരുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ പണപ്പെരുപ്പവും മുംബൈ പൊലീസ് അന്വേഷിക്കുന്നുണ്ട്. ചാനലിലൂടെ അര്‍ണാബ് നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പുറമെയാണ് ഇത്. ആര്‍ണാബ് നടത്തിയ ധന സമാഹരണം, പണമിടപാടുകള്‍, തെളിവെടുപ്പില്‍ പുറത്തായ ഇടപാടുകള്‍ തുടങ്ങിയവയിലാണ് അന്വേഷണം നടത്തുന്നത്.

ചെറിയ കാലത്തിനുള്ളില്‍ അര്‍ണാബിന്റെ റിപബ്ലിക് ടി.വി നേടിയ വലിയ സാമ്പത്തിക വിജയത്തിന്റെ പിന്നിലുള്ള ഉറവിടങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തെ ചുമലതപ്പെടുത്താനാണ് ഒരുങ്ങുന്നത്.

ചാനലിലൂടെ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചതില്‍ അര്‍ണാബിനെതിരെ പൊലീസ് ഞായറാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവം സമീപത്തെ മുസ്ലിം പള്ളിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതിലാണ് അര്‍ണാബിനെതിരെ കേസെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more