യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍; സംസ്ഥാനത്തുടനീളം അക്രമം, വാഹനങ്ങള്‍ തടയുന്നു
Kerala News
യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍; സംസ്ഥാനത്തുടനീളം അക്രമം, വാഹനങ്ങള്‍ തടയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th February 2019, 9:03 am

തിരുവനന്തപുരം: കാസര്‍കോട് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങായി അക്രമം. അര്‍ധരാത്രിയോടെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളുള്‍പ്പടെ പലയിടത്തും തടഞ്ഞു.

പുലര്‍ച്ചെ ആറ് മണിക്കാണ് ഹര്‍ത്താല്‍ ആരംഭിച്ചത്. സ്വകാര്യവാഹനങ്ങള്‍ സംസ്ഥാന വ്യാപകമായി തടയുന്നുണ്ട്. പലയിടങ്ങളിലും സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിട്ടുണ്ട്.

കോഴിക്കോട് കുന്ദമംഗലത്തും പന്തീര്‍പാടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബാലുശ്ശേരി, വടകര, നാദാപുരം എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. കാസര്‍കോട് നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

ALSO READ: ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹരജി

പാലക്കാട് വാളയാറില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.

ഹര്‍ത്താലുമായി സഹകരിക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം ആറ്റിങ്ങലില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കിളിമാനൂരില്‍ കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചിരുന്നു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞാല്‍ കര്‍ശന നിയമനടപടിയുണ്ടാകുമെന്ന് ഡി.ജി.പി വ്യക്തമാക്കി.

ALSO READ: പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 4 സൈനികര്‍ കൊല്ലപ്പെട്ടു

അതേസമയം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡീന്‍ കുര്യക്കോസിനെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കും. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാണ് നടപടി. ഇന്നലെ രാത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡീന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചിട്ടുള്ള ഹൈക്കോടതി ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു.

WATCH THIS VIDEO: