കാസര്‍ഗോഡ്: പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കല്യാട്ട് സി.പി.ഐ.എം നേതാക്കള്‍ പ്രവേശിക്കരുതെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. ഇരട്ടക്കൊലപാതകത്തിന് ശേഷം കല്യാട്ടെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അക്രമിക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ എം.പി പി.കരുണാകരനടക്കമുള്ള പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് ഇടപെടുകയും പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കുകയുമായിരുന്നു.
ആക്രമണത്തിനിരയായ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീട് നേതാക്കള്‍ സന്ദര്‍ശിക്കുമെന്നറിഞ്ഞത് മുതല്‍ പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചിരുന്നു. സി.പി.ഐ.എം നേതാക്കളാരും ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.
Also Read “പിണറായിയുടേത് ഭീരുത്വം”; കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശിക്കാത്തതിനെതിരെ മുല്ലപ്പള്ളി
കൊലപാതകക്കേസിലെ പ്രതികളായ പീതാംബരന്‍, ശാസ്താ ഗംഗാധരന്‍ എന്നിവരുടെ വീട് ആക്രമണത്തിനിരയായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ഇവരുടെ വീടും എം.പി പി.കരുണാകരന്‍ സന്ദര്‍ശിച്ചിരുന്നു. ഗംഗാധരന്റെ വീട് പൂര്‍ണമായും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ശാസ്താ ഗംഗാധരനെ പൊലീസിന് ഇതുവരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഗംഗാധരന്‍ ഒളിവിലാണെന്നാണ് നിഗമനം.
ഇന്നലെ കാസര്‍ഗോഡ് പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റേയും വീട് സന്ദര്‍ശിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സഹകരിച്ചില്ലെന്നാരോപിച്ച് ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കാതെ പിണറായി വിജയന്‍ മടങ്ങുകയായിരുന്നു.
Image Credits: The Newsrupt