മുംബൈ: ദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മൗനം ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ
വീടിന് പുറത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്.
Mumbai Youth Congress puts up a poster to question Sachin Tendulkar’s silence on Women wrestler’s issue.. pic.twitter.com/rOqROEpVoZ
— Spirit of Congress✋ (@SpiritOfCongres) May 31, 2023
ലൈംഗികാരോപണ വിധേയനായ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാരോപിച്ചാണ് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ബജറംഗ് പൂനിയ തുടങ്ങിയ താരങ്ങള്‍ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്നത്. ഈ സമരത്തില്‍ കായിക മേഖലയില്‍ നിന്ന് പ്രത്യേകിച്ച് ക്രിക്കറ്റ് ലോകത്ത് നിന്ന് പരിമിതമായ പിന്തുണയാണ് ലഭിച്ചത്. ഇതിനിടയിലാണ് സച്ചിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പോസ്റ്റര്‍ സ്ഥാപിച്ചത്.
കര്‍ഷക സമരം അന്താരഷ്ട്ര തലത്തില്‍ ചര്‍ച്ചയായപ്പോള്‍ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന സച്ചിന്റെ പ്രതികരണം പോസ്റ്ററില്‍ യൂത്ത് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തോടുള്ള നിങ്ങളുടെ സ്‌നേഹം എവിടെ പോയെന്നും പോസ്റ്ററില്‍ ചോദിക്കുന്നു.
‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ നിങ്ങള്‍ എന്തിനാണ് മൗനം പാലിക്കുന്നത്. കര്‍ഷക സമരത്തെ കുറിച്ച് സംസാരിച്ച വിദേശ വനിതാ താരത്തിന് ഞങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് നിങ്ങള്‍ മറുപടി നല്‍കി.
എന്നാല്‍ സച്ചിന്‍, ഇന്ന് രാജ്യത്തോടുള്ള നിങ്ങളുടെ സ്‌നേഹം എവിടെ പോയി. നിങ്ങള്‍ എന്തെങ്കിലും സമ്മര്‍ദത്തിലാണോ.
കായികലോകത്ത് നിങ്ങള്‍ ദൈവമനുഷ്യനാണ്. എന്നാല്‍ കായികലോകത്തെ ചില സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ നിങ്ങളിലെ മനുഷ്യനെയും മനുഷ്യത്വത്തെയും ഞങ്ങള്‍ എവിടെയും കാണുന്നില്ല,’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്.
പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച പൊലീസ് ഇടപെട്ട് പോസ്റ്റര്‍ നീക്കം ചെയ്യുകയും ചെയ്തു.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പോപ് ഗായിക റിഹാനയുടെ ട്വീറ്റ് ആഗോളതലത്തില്‍ ചര്‍ച്ചയായപ്പോഴായിരുന്നു, ഞങ്ങളുടെ ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന സച്ചിന്റെ പരമാര്‍ശം വന്നിരുന്നത്. ‘എന്തുകൊണ്ട് നമ്മള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നില്ല’ കര്‍ഷക സമരത്തെക്കുറിച്ച് റിഹാനയുടെ ട്വീറ്റ്.
India’s sovereignty cannot be compromised. External forces can be spectators but not participants.
Indians know India and should decide for India. Let’s remain united as a nation.#IndiaTogether#IndiaAgainstPropaganda
ഇതിന് മറുപടിയായി, കര്‍ഷക സമരത്തിന് പിന്തുണയറിയിച്ചെത്തിയ വിദേശികളായ പ്രമുഖര്‍ സ്ഥാപിത താല്‍പര്യക്കാരാണെന്നും, ഇന്ത്യ അത്തരം പ്രൊപ്പഗണ്ടക്ക് എതിരാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പരിഹാരം കാണാന്‍ ഇന്ത്യക്കറിയാമെന്നും ഇന്ത്യ അതില്‍ ഒറ്റക്കെട്ടാണെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞിരുന്നത്.