ന്യൂദല്‍ഹി: കര്‍ഷക ബില്ലുകള്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെ ട്രാക്ടര്‍ റാലിയുമായി യൂത്ത് കോണ്‍ഗ്രസ്. പഞ്ചാബില്‍ നിന്ന് ആരംഭിച്ച ട്രാക്ടര്‍ റാലി ദല്‍ഹിയിലേക്കുള്ള യാത്രക്കിടെ ഹരിയാനയില്‍ പൊലീസ് തടഞ്ഞു.
കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അംബാല-മൊഹാലി ഹൈവേയിലെ ബാരിക്കേഡുകള്‍ മാറ്റാന്‍ കര്‍ഷകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ദേശീയ പാതയിലൂടെ ട്രാക്ടര്‍ റാലിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പിയും ശിരോമണി അകാലിദളും ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ബില്ലിനെതിരാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജഖര്‍ പറഞ്ഞു.
ബില്ലിനെതിരെ ഹരിയാനയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. ഹരിയാനയിലെ മിക്ക റോഡുകളും കര്‍ഷകര്‍ കയ്യേറി.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്.
ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.
വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തില്‍ നടുത്തളത്തില്‍ ഇറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ഡെറിക് ഒബ്രിയാന്‍ ഉപാധ്യക്ഷന് നേരെ റൂള്‍ ബുക്ക് ഉയര്‍ത്തിക്കാണിച്ചു.മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Youth Congress Farmers Rally Farm Bill