കൊച്ചി: എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
‘പല തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കാന്‍ എത്തുന്നു. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ ഉളുപ്പില്ലാതെ വീണ്ടും മത്സരിക്കാനിറങ്ങുന്നു’, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പറഞ്ഞു.
ചില നേതാക്കള്‍ക്ക് പെരുന്തച്ചന്‍ സിന്‍ഡ്രോമാണെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പറഞ്ഞു.
മൂന്ന് ടേം കഴിഞ്ഞവരെ തെരഞ്ഞെടുപ്പിന് പരിഗണിക്കേണ്ടെന്ന സി.പി.ഐ.എം നിലപാടിനെ കോണ്‍ഗ്രസ് മാതൃകയാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കേണ്ടവരുടെ പട്ടികയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തിയെങ്കിലും അനുഭാവപൂര്‍ണമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്.
എറണാകുളം ജില്ലയിലെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്കായി 130 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം അനുകൂലമായിരുന്നില്ല.
എറണാകുളം ജില്ലാ പഞ്ചായത്തില്‍ പത്തു ഡിവിഷനുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പേരു നല്‍കിയിരുന്നു. ഇതില്‍ നെടുമ്പാശേരി ഡിവിഷന്റെ കാര്യത്തില്‍ മാത്രമാണ് ജില്ലാ നേതൃത്വം അനുഭാവപൂര്‍വമായ സമീപനം സ്വീകരിച്ചിട്ടുള്ളത്.
അഡ്വക്കേറ്റ് പി.ബി സുനീറാണ് ഇവിടെ സാധ്യത കല്‍പിക്കപ്പെടുന്നത്. എന്നാല്‍ സീറ്റ് വിട്ട് നല്‍കാന്‍ ഐ ഗ്രൂപ്പ് തയാറായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിക്ക് വേണ്ടി വൈപ്പിന്‍ ഡിവിഷനും, സംസ്ഥാന സെക്രട്ടറി ജിന്‍ഷാദ് ജിനാസിനു വേണ്ടി കടുങ്ങല്ലൂര്‍ ഡിവിഷനും ചോദിച്ചെങ്കിലും നല്‍കാനാവില്ലെന്ന നിലപാടിലാണ് ജില്ലാ നേതാക്കള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക