India
'നിങ്ങളാണ് ഞങ്ങളുടെ നേതാവ്' ; ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിക്കു പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 26, 07:20 am
Wednesday, 26th June 2019, 12:50 pm

 

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിക്കു പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാഹുല്‍ ഗാന്ധി സിന്ദാബാദ് മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.

തങ്ങളുടെ നേതാവ് എങ്ങനെയായിരിക്കണമോ രാഹുല്‍ ഗാന്ധി അങ്ങനെയാണ്. രാഹുല്‍ രാജിവെക്കാനുള്ള തീരുമാനത്തില്‍ പിന്മാറി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

പുതിയ അധ്യക്ഷനെ കണ്ടെത്താനായി രാഹുല്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. അധ്യക്ഷ പദവിയില്‍ തുടരില്ലെന്ന തന്റെ നിലപാടില്‍ നിന്ന് ഒരുതരത്തിലും പിന്നോട്ടില്ലെന്ന് രാഹുല്‍ തീര്‍ത്തുപറഞ്ഞതായാണ് റിപ്പോര്‍ട്ട്.

എം.പിമാരായ ശശിതരൂരും മനീഷ് തിവാരിയുംരാഹുലുമായി സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒരിക്കലും ഒരാള്‍ക്ക് മാത്രമല്ലെന്നും അത് പാര്‍ട്ടിയിലെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജിവെക്കരുത് എന്നുമായിരുന്നു എം.പിമാര്‍ രാഹുലിനോട് പറഞ്ഞത്.

എന്നാല്‍ രാജിക്കാര്യം താന്‍ മനസില്‍ ഉറപ്പിച്ചു കഴിഞ്ഞതാണെന്നും ആ തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായും രാഹുല്‍ മറുപടി നല്‍കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.