പാലക്കാട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. കെ. സുധാകരന്‍ ആര്‍.എസ്.എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പില്‍ ഉയര്‍ന്ന വിമര്‍ശനം.
ആര്‍.എസ്.എസ് അനുകൂല പ്രസ്താവനകള്‍ നാക്കുപിഴയായി കണക്കാക്കി മിണ്ടാതിരിക്കാനാവില്ലെന്നാണ് ജില്ലാ ക്യാമ്പില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം.
എത്ര വലിയ നേതാവാണെങ്കിലും ആര്‍.എസ്.എസിന് സംരക്ഷണം നല്‍കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അംഗീകരിക്കനാവില്ലെന്നും ക്യാമ്പില്‍ അഭിപ്രായമുയര്‍ന്നു.
അട്ടപ്പാടിയില്‍ വെച്ച് രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പിലാണ് കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ ചാലക്കുഴിയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്.
”പാര്‍ട്ടി ആര്‍.എസ്.എസിന് സംരക്ഷണം നല്‍കുന്നു, താങ്ങിനിര്‍ത്തുന്നു എന്ന രീതിയില്‍ ഏത് ‘കൊടികുത്തിയ കൊമ്പന്‍’ സംസാരിച്ചാലും കയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയില്ലെന്ന് കെ.പി.സി.സിയെ ഓര്‍മിപ്പിക്കുന്നു.
ആരെങ്കിലും അങ്ങനെ സംസാരിച്ചാല്‍ അവരെ ഒറ്റുകാരന്‍ എന്ന് വിളിക്കാന്‍ മടിക്കാത്ത പ്രസ്ഥാനമായി ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മാറും,” എന്നാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തിലുള്ളത്.
ശശി തരൂര്‍ എം.പിയെ പേരെടുത്ത് പരാമര്‍ശിക്കാതെയുള്ള പിന്തുണയും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലുണ്ട്.
ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന, പ്രസ്ഥാനത്തില്‍ ജനസ്വാധീനമുള്ള നേതാക്കള്‍ക്ക് ഭ്രഷ്ട് കല്‍പിക്കുന്ന കോണ്‍ഗ്രസ് നടപടി അനുവദിക്കില്ല.
ഇത്തരം നേതാക്കള്‍ക്ക് വേദി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാകുമെന്നും, അത് തുടര്‍ന്നാല്‍ അദ്ദേഹത്തിന് യൂത്ത് കോണ്‍ഗ്രസ് വേദി നല്‍കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടക്കാല നടപടികളെ വിമര്‍ശിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലുള്ളത്.
പാലക്കാട് ജില്ലയിലെ കോങ്ങാട് നിയമസഭാ സീറ്റ് മുസ്‌ലിം ലീഗില്‍ നിന്നും കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപെട്ടു.