| Saturday, 11th July 2015, 12:43 pm

'യു.ഡി.എഫില്‍ വിദ്യഭ്യാസ മന്ത്രിമാരാവുന്നത് ചില പോഴന്‍മാര്‍': യൂത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം:  യു.ഡി.എഫിന് അധികാരം ലഭിക്കുമ്പോഴെല്ലാം ചില പോഴന്‍മാരെയാണ് വിദ്യഭ്യാസമന്ത്രിമാരായി നിയമിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്. സംഘടനയുടെ സംസ്ഥാന കമ്മറ്റി യോഗത്തിലാണ് അബ്ദുറബ്ബ് ഉള്‍പ്പടെയുള്ള ലീഗ് മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

പാഠപുസ്തക അച്ചടിയിലെ വീഴ്ച ഉറങ്ങിക്കിടന്ന പ്രതിപക്ഷത്തിന് ഉണരാന്‍ അവസരമേകിയെന്നും ചില പോഴന്‍മാരെ വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാന്‍ ഏല്‍പിച്ചതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. വിദ്യഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ഷിറാസ് ഖാനാണ് യോഗത്തില്‍ ലീഗ് മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

അരുവിക്കരയില്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി ശബരിനാഥാണെന്ന് പറയേണ്ടി വരുന്നത് പാര്‍ട്ടിയുടെ വീഴ്ചയാണെന്നും ഇത്രയേറെ നേതാക്കളുണ്ടായിട്ട് മത്സരിക്കാന്‍ പറ്റിയവരില്ലെന്ന് പറയുന്നത് കഴിവ് കേടാണെന്നും ഷിറാസ് ഖാന്‍ കുറ്റപ്പെടുത്തി. അരുവിക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ആയിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസുകാരോട് കാണിച്ച വഞ്ചനയാണ് അക്ഷരാര്‍ത്ഥത്തില്‍ അരുവിക്കരയില്‍ ശബരീനാഥ് വിജയിക്കുകയും യൂത്ത് കോണ്‍ഗ്രസ് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും ഷിറാസ് പറഞ്ഞു.

പുസ്തക വിവാദത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്‌ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. വിദ്യഭ്യാസ ബന്ദ് പ്രഖ്യാപിച്ച സംസ്ഥാന പ്രസിഡന്റ് ഇരുട്ടിന്റെ  മറവില്‍ സമരം പിന്‍വലിച്ചത് വിദ്യാര്‍ത്ഥികളോട് കാട്ടിയ വഞ്ചനയാണെന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍ കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more