|

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവന പാടില്ലായിരുന്നു; വി.ഡി. സതീശന് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്.

പ്രതിപക്ഷ നേതാവില്‍ നിന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവന പാടില്ലായിരുന്നെന്നും യോജിച്ച പ്രതികരണം വേണമായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു.

‘വിഷയത്തില്‍ പ്രതിപക്ഷ നേതാവ് നിന്ന നില്‍പ്പില്‍ മലക്കം മറിഞ്ഞത് അദ്ദേഹത്തിന്റെ കഴിഞ്ഞകാല നിലപാടുകള്‍ക്ക് കടക വിരുദ്ധമാണ്. ഇത് പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കി,’ എന്നായിരുന്നു സംസ്ഥാന സമിതി പറഞ്ഞത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടാക്കുമെന്നായിരുന്നു വി.ഡി. സതീശന്റെ ആദ്യ പ്രസ്താവന. പിന്നീട് അത്തരമൊരു പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും മാധ്യമ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസ്‌ലീം സമുദായത്തിന് കിട്ടിക്കൊണ്ടിരുന്ന ഒരാനുകൂല്യവും നഷ്ടമായിട്ടില്ലെന്ന പ്രസ്താവനയില്‍ ലീഗ് കടുപ്പിച്ചതോടെയാണ് തിരുത്തുമായി സതീശന്‍ രംഗത്തെത്തിയത്.

മുസ്‌ലീം സമുദായത്തിന് മാത്രമായുള്ള ഒരു പദ്ധതി നഷ്ടമായെന്നും തന്റെ അഭിപ്രായം മനസിലാക്കാതെയാണ് ലീഗ് പ്രതികരിച്ചതെന്നും സതീശന്‍ പറഞ്ഞിരുന്നു

ജനസംഖ്യാനുപാതത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫോര്‍മുല പുതുക്കി നിശ്ചയിച്ച സര്‍ക്കാരിന് എതിരെ നിരന്ന കോണ്‍ഗ്രസും ലീഗും ഈ പ്രസ്താവനയ്ക്ക് പിന്നാലെ പരസ്പര വിമര്‍ശനം നടത്തിയിരുന്നു.

80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് എതിരെ ലീഗ് കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

ഒരുസമുദായത്തിനും നിലവില്‍ കിട്ടുന്ന ആനൂകൂല്യം കുറയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ന്യൂനപക്ഷ ജനസംഖ്യ മൊത്തത്തില്‍ അടിസ്ഥാനം ആക്കുമ്പോള്‍ പുതിയ ഫോര്‍മുലയില്‍ മുസ്‌ലീം വിഭാഗത്തിനുള്ള ആനുകൂല്യം 80 ല്‍ നിന്നും 60 ലേക്ക് കുറയുമെന്നാണ് ലീഗ് അടക്കമുള്ള സംഘടനകളുടെ പരാതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Youth Congress Criticise V D Satheesan