കൊച്ചി: അന്തരിച്ച എം.എല്‍.എ പി.ടി .തോമസിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതിയുമായി രംഗത്തെത്തിയത്.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നഹാസ് പരാതി നല്‍കി. ബുധനാഴ്ച രാവിലെയാണ് പി.ടി. തോമസ് അന്തരിച്ചത്.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പി.ടി. തോമസിനെതിരെ അപകീര്‍ത്തികരമായ കുറിപ്പുകള്‍ പങ്കുവെക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന പി.ടി. തോമസ് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരിക്കുന്നത്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
തൃക്കാക്കര മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു അദ്ദേഹം. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായി. ഇടുക്കിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗവുമായിട്ടുണ്ട്. വീക്ഷണം എഡിറ്ററായും മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഹാരാജാസ് കോളേജല്‍ വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സംഘടനയുടെ കോളജ് യൂണിയന്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1991, 2001 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി. 2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.