| Saturday, 15th May 2021, 7:39 am

'ഞങ്ങളാണ് സോഴ്‌സ്'; ബി.വി ശ്രീനിവാസിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ ക്യാംപെയ്‌നുമായി യൂത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കാനാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെ ദല്‍ഹി പൊലീസ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതിഷേധ ക്യാംപെയ്‌നുമായി യൂത്ത് കോണ്‍ഗ്രസ്. ശ്രീനിവാസ് നേതൃത്വം നല്‍കുന്ന എസ്.ഒ.എസ്.ഐ.വൈ.സിയ്ക്ക് 108 രൂപ ധനസമാഹരണം നല്‍കുന്ന തരത്തിലാണ് ക്യാംപെയ്ന്‍.

‘ഞങ്ങളാണ് സോഴ്‌സ്, 108 രൂപ നല്‍കി നമുക്ക് ജീവവായു എത്തിച്ചവനോടൊപ്പം നില്‍ക്കാം. ആ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാം,’ എന്ന ക്യാപ്ഷനോടെയാണ് ക്യാംപെയ്ന്‍.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍, നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, വീണ എസ്. നായര്‍ തുടങ്ങിയവര്‍ ക്യാംപെയ്‌നില്‍ പങ്കാളികളായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

നേരത്തെ ശ്രീനിവാസിനെ ചോദ്യം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ രംഗത്തെത്തിയിരുന്നു.

കൊല്ലുന്നവനേക്കാള്‍ വലിയവനാണ് ആളുകളെ രക്ഷിക്കുന്നവന്‍ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരാളെ സഹായിക്കുന്നത് കുറ്റമെങ്കില്‍ അത് വീണ്ടും ചെയ്യാന്‍ തയ്യാറാണെന്ന് പ്രിയങ്ക പറഞ്ഞു. ഒന്നും ചെയ്യാതെ മിണ്ടാതിരിക്കുന്നതാണ് കുറ്റമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


കര്‍ണാടക ഡി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും ബി.വി ശ്രീനിവാസന് പിന്തുണയുമായി എത്തി. മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രയത്നിക്കുന്ന യൂത്ത് കോണ്‍ഗ്രസിനേയും ബി.വി ശ്രീനിവാസിനേയും ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബി.വി ശ്രീനിവാസിനെ ചോദ്യം ചെയ്തത്. എന്നാല്‍ പൊലീസ് നടപടിയില്‍ പേടിച്ച് പിന്നോട്ട് പോകാന്‍ താന്‍ ഒരുക്കമല്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു.

അനധികൃതമായി കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ബി.വി ശ്രീനിവാസിനെതിരെ നേരത്തെ ദല്‍ഹി കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.

എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയകളിലടക്കം വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Youth Congress Campaign BV Sreenivas SOSIYC

We use cookies to give you the best possible experience. Learn more