| Friday, 28th June 2019, 9:26 am

രാഹുല്‍ഗാന്ധിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നു; എ.ഐ.സി.സി ആസ്ഥാനത്ത് അനിശ്ചിത കാല ക്യാംപെയ്‌നും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധി രാജിയില്‍ നിന്ന് പിന്‍വാങ്ങും വരെ എ.ഐ.സി.സി ആസ്ഥാനത്ത് അനിശ്ചിത കാല ക്യാംപെയ്‌നിങ്ങിനും രാഹുലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനുമുള്ള തീരുമാനവുമായി യൂത്ത് കോണ്‍ഗ്രസ്. വെള്ളിയാഴ്ച മുന്‍ എ.ഐ.സി.സി അംഗങ്ങള്‍, സെക്രട്ടറിമാര്‍ മുന്‍ എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ എ.ഐ.സി.സി ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിന് തുടര്‍ച്ചയായിട്ടാണ് മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്.

‘ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. എ.ഐ.സി.സി ആസ്ഥാനത്ത് ഒത്തുകൂടിയ ശേഷം രാഹുല്‍ഗാന്ധിയുടെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യും.’ യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അഞ്ഞൂറോളം പ്രവര്‍ത്തകര്‍ എത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച്  സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 30 ഓളം അംഗങ്ങള്‍ ചൊവ്വാഴ്ച പഞ്ചാബ് ഭവനില്‍ യോഗം ചേര്‍ന്നിരുന്നു.

രാഹുലിന്റെ രാജിക്കെതിരെ കഴിഞ്ഞ ദിവസവും യൂത്ത് കോണ്‍ഗ്രസ് തുഗ്ലക്ക് ലൈനിലെ രാഹുലിന്റെ വസതിയില്‍ എത്തിയിരുന്നു.

ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷപദം ഒഴിയാനുള്ള തന്റെ തീരുമാനം രാഹുല്‍ വീണ്ടും വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കടുത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിയുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. പുതിയ അധ്യക്ഷനെ പാര്‍ട്ടി തീരുമാനിക്കുമെന്നും ഇക്കാര്യത്തില്‍ താന്‍ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു..

We use cookies to give you the best possible experience. Learn more